നിർമാണത്തിലെ അശാസ്ത്രീയത ; ഓംബുഡ്സ്മാൻ സ്ഥലം സന്ദർശിച്ചു

Flaws in construction; Ombudsman visits the site.

അഞ്ചരക്കണ്ടി : വെണ്മണൽ വയൽ റോഡ് കോൺക്രീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് ഓംബുഡ്സ്മാൻ സ്ഥലം സന്ദർശിച്ചു.മൂന്നു വർഷം കഴിഞ്ഞിട്ടും പഞ്ചായത്ത്‌ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇല്ലാത്തതിനെ തുടർന്നാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കണ്ണൂർ) ഓംബുഡ്‌സ്മാൻ കെ പ്രദീപൻ സ്ഥലം സന്ദർശിച്ചത്.

  വേങ്ങാട് പഞ്ചായത്ത്‌ നിലവിലെ രണ്ടാം വാർഡിലുള്ള വെണ്മണൽ വയൽ റോഡ് മൂന്നു വർഷം മുമ്പാണ് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റ് ചെയ്തത്. എന്നാൽ വെള്ളം ഒഴുകി പോകുന്നതിനു സ്ലോപ്പ് നൽകാതെ വിവിധ ഇടങ്ങളിൽ  താഴ്ന്നും ഉയർന്നുമാണ് പ്രവൃത്തി നടത്തിയത്. ഇത് റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയായി. പഞ്ചായത്ത്‌ അധികൃതരെ ഈ കാര്യം പല തവണ ധരിപ്പിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് 2023 ജൂലൈയിൽ നാട്ടുകാർ ഓംബുഡ്സ്മാനിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് പഞ്ചായത്ത്‌ അധികൃതർ ഉറപ്പ് നൽകി. എന്നാൽ മൂന്നു വർഷം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് വീണ്ടും ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു.

  വെള്ളക്കെട്ട് കാരണം മഴക്കാലത്ത് ഇതുവഴി നടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. ചെളി വെള്ളത്തിൽ കൂടി വേണം നടന്നു പോകാൻ. കുട്ടികൾക്കും പ്രായമായവർക്കും ഇത് ഏറെ പ്രയാസമുണ്ടാകുകയായിരുന്നു.പഞ്ചായത്ത്‌ തൊഴിലുറപ്പ് വിഭാഗം അസി. എഞ്ചിനീയർ, ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഓംബുഡ്സ്മാൻ സ്ഥലത്തെത്തിയത്. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത്‌ അധികൃതർക്ക്‌ നിർദേശം നൽകിയതായി ഓംബുഡ്സ്മാൻ അറിയിച്ചു.

Tags