കണ്ണൂരിൽ പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു; ഉദ്ഘാടനം നിർവഹിച്ച് സി. സദാനന്ദൻ മാസ്റ്റർ എം.പി.
കണ്ണൂർ: പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ജിതിൻ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങ് രാജ്യസഭ എം.പി. സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആധുനിക ഭാരതത്തിന്റെ എല്ലാ നന്മകളുടെയും അടിത്തറ പാകിയ മഹാമനീഷിയാണ് ഡോ. ബി.ആർ. അംബേദ്കറെന്ന് സദാനന്ദൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിപരീത സാഹചര്യങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഭാരതത്തിന്റെ സമഗ്ര പുരോഗതിക്കായി അഹോരാത്രം പ്രയത്നിച്ച മഹാപുരുഷനാണ് അദ്ദേഹം.
ഭരണഘടനാ ശില്പി എന്ന നിലയിൽ അംബേദ്കറിൽ നിന്ന് രാജ്യത്തിന് ലഭിച്ച സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ഇന്ന് ഭാരതത്തിൽ ഭരണഘടനാ മൂല്യങ്ങളെ വികലമാക്കാനും വളച്ചൊടിക്കാനും ഗൂഢമായ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ചടങ്ങിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് കളത്തിൽ രതീഷ്, ബി.ജെ.പി കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബിനിൽ കണ്ണൂർ, പട്ടികജാതി മോർച്ച ജില്ലാ നേതാക്കളായ അഖില, സനിത ഏളയാവൂർ, മണ്ഡലം പ്രസിഡന്റുമാരായ ഷൈജു, പ്രമോദ്, യുവമോർച്ച നേതാക്കളായ കെ. രഞ്ജിത്ത്, എം. ശ്രുതി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി. ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി സുജിത്ത് എടച്ചേരി നന്ദിയും രേഖപ്പെടുത്തി.
.jpg)

