സി.പി.എം വിമത സ്ഥാനാർത്ഥിക്കുള്ള പിൻതുണയിൽ കോൺഗ്രസിൽ പ്രതിഷേധം വ്യാപകം: തളിപറമ്പിലും പയ്യന്നൂരിലും യൂത്ത് കോൺഗ്രസ് നേതാക്കൾ നാമനിർദ്ദേശ പത്രിക നൽകും

Widespread protests in Congress over support for CPM rebel candidate: Youth Congress leaders to file nomination papers in Thaliparam and Payyannur


തളിപ്പറമ്പ്: സി.പി.എം വിമതരെ സ്ഥാനാർത്ഥിയാക്കുന്നതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. സി.പി.എമ്മിൽ നിന്നും ചേക്കേറിയവരെ യു ഡി. എഫ് പിൻതുണക്കുന്നതിൽ പ്രതിഷേധിച്ച് നേരത്തെ യൂത്ത് കോൺഗ്രസ് പോസ്റ്റർ പ്രചരണം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഇത് നേതൃത്വം പരിഗണിച്ചിരുന്നില്ല ഇതിൽ പ്രതിഷേധിച്ചാണ് പയ്യന്നൂരിലും തളിപ്പറമ്പിലും യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നൽകാൻ തീരുമാനിച്ചത്.

പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണനും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദനും പിന്തുണ നല്‍കാനുള്ള നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ടും പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് വിജില്‍ മോഹനും  മാർച്ച് 21 ന് പത്രിക സമര്‍പ്പിക്കുക.ഇതേ ദിവസം തന്നെ കെ.പി.സി.സി അംഗം കൊയ്യം ജനാര്‍ദ്ദനനും തളിപ്പറമ്പില്‍ പത്രിക സമര്‍പ്പിക്കുന്നുണ്ട്.ഇതിനിടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണയോഗം നാളെ ചേരുന്നുണ്ട്.

യു.ഡി.എഫ് പിന്തുണനല്‍കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പയ്യന്നൂരിലും തളിപ്പറമ്പിലും വിമത സ്ഥാനാർത്ഥികൾ സി.പി.എമ്മിന് തലവേദനയാകുന്നതിനൊപ്പം കോൺഗ്രസിലും പൊട്ടിത്തെറിയുണ്ടാക്കുന്നുണ്ട്. സി.പി.എം വിമതരെ പിന്തുണയ്ക്കാനുള്ള കെ.പി.സി.സിയുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേതാക്കൾ മാത്രമല്ല പാർട്ടിക്കായി പ്രവർത്തിക്കുന്ന അണികളും സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
 

Tags