തളിപ്പറമ്പിന്റെ പ്രകൃതിയും പൈതൃകവും സംരക്ഷിക്കാൻ സമഗ്ര മാസ്റ്റർ പ്ലാൻ; 'ജൈവ പൈതൃകം' ഏകദിന ശില്പശാല ബുധനാഴ്ച

Comprehensive master plan to preserve the nature and heritage of Taliparamba; One-day workshop on 'Biological Heritage' on Wednesday

തളിപ്പറമ്പ: തളിപ്പറമ്പിന്റെ സമ്പന്നമായ ജൈവവൈവിധ്യവും പ്രകൃതി–ചരിത്ര–സാംസ്കാരിക പൈതൃകവും ശാസ്ത്രീയമായി രേഖപ്പെടുത്തി സംരക്ഷിക്കുന്നതിനായി ‘ജൈവ പൈതൃകം’ എന്ന പേരിൽ സമഗ്ര സംരക്ഷണ ഉദ്യമത്തിന് തുടക്കമാകുന്നു. ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ (PBR) രണ്ടാംഘട്ട നിർമ്മാണത്തിനും മാസ്റ്റർ പ്ലാൻ രൂപീകരണത്തിനുമായി തളിപ്പറമ്പ നഗരസഭയുടെ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റിയും (BMC) സർ സയ്യിദ് കോളേജ് സസ്യശാസ്ത്ര വിഭാഗവും സംയുക്തമായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 14 ബുധനാഴ്ച സർ സയ്യിദ് കോളേജ് സെമിനാർ ഹാളിലാണ് പരിപാടി നടക്കുക.   

പുരാതന കുളങ്ങൾ, പാടങ്ങൾ, തണ്ണീർത്തടങ്ങൾ, കാവുകൾ, പൈതൃക വൃക്ഷങ്ങൾ, സസ്യ–ജന്തുജാലങ്ങൾ, ഔഷധസസ്യങ്ങൾ, പരമ്പരാഗത വിളകൾ, നാട്ടറിവുകൾ തുടങ്ങിയവ ശാസ്ത്രീയമായി രേഖപ്പെടുത്തി സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഉദ്ഘാടനവും വിവിധ സെഷനുകളും

ബുധനാഴ്ച രാവിലെ 7 മണിക്ക് സർ സയ്യിദ് കോളേജിലെ ബയോസ്പേസും ബൊട്ടാണിക്കൽ ഗാർഡനും സന്ദർശിച്ചുകൊണ്ട് ശില്പശാല ആരംഭിക്കും. രാവിലെ 8-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ പി.കെ. സുബൈർ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറിയും പരിസ്ഥിതി വിദഗ്ധനുമായ ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ബി.എം.സി. കൺവീനർ ഡോ. അബ്ദുസ്സലാം എ.കെ. പദ്ധതി അവതരിപ്പിക്കും.

ഉദ്ഘാടനത്തിനു ശേഷം വിദഗ്ധർ പങ്കെടുക്കുന്ന ആറ് വ്യത്യസ്ത സെഷനുകളിലായി ചർച്ചകളും വിഷയ അവതരണങ്ങളും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകർ, കർഷകർ, പ്രാദേശിക ചരിത്രകാരന്മാർ, സ്കൂൾ അധ്യാപകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ശില്പശാലയിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ സമഗ്ര മാസ്റ്റർ പ്ലാനിന്റെ കരട് രൂപീകരിക്കുകയും തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും.

വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ പി.കെ. സുബൈർ, വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് ബഷീർ, ബി.എം.സി. കൺവീനർ ഡോ. അബ്ദുസ്സലാം എ.കെ., ബി.എം.സി. അംഗം ഗിരീഷ് പൂക്കോത്ത്, പുല്ലായിക്കൊടി ചന്ദ്രൻ, സി മനോഹരൻ എന്നിവർ പങ്കെടുത്തു.   

Tags