റെയ്ഡ് കോ ചെയർമാൻ എം സുരേന്ദ്രൻ ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌തു
കണ്ണൂർ: റെയ്ഡ് കോ തൊഴിലാളികൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയും വസ്‌തുതാവിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും ചെയ്‌ത ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജിൻ്റെ വിവാദ പ്രസംഗത്തിനെതിരെ റെയ്‌ഡ്‌കോ ചെയർമാൻ എം സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽചെയ്‌തു.
പ്രസ്‌താവനകൾ പിൻവലിച്ച് നിർവ്യാജം ഖേദപ്രകടനം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്‌ടപരിഹാരംനൽകണമെന്നും അഡ്വ. വിനോദ് ചമ്പളോൻ മുഖേന നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 26ന് ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ നടന്ന റെയ്‌ഡ്‌കോ ജീവനക്കാരുടെ സമരത്തിനിടെയാണ് മാർട്ടിൻ ജോർജ് വിവാദപ്രസംഗം നടത്തിയത്.
വ്യക്തിഹത്യനടത്തിയും സേവനമനുഷ്‌ഠിച്ച സ്ഥാപനങ്ങളെ താറടിച്ചും അപമാനിച്ചുമുള്ള ഇൗ പ്രസംഗം സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചു. പൊതുജനങ്ങൾക്കിടയിൽ ഇത് തനിക്കും സ്ഥാപനത്തിനും ഏറെ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ താൻ വർഷങ്ങളായി സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമാണ്.
ഇൗ സാഹചര്യത്തിൽ വിവാദപ്രസംഗം പിൻവലിച്ച് നിർവ്യാജം ഖേദപ്രകടനംനടത്താനും പ്രചരിപ്പിച്ച വ്യാജപ്രസ്താവനകളുടെ അതേ പ്രാധാന്യത്തോടെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ പ്രസിദ്ധീകരിക്കാനും നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം നഷ്ടപരിഹാരത്തുക നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. ഇവ പാലിക്കാത്ത പക്ഷം സിവിൽ – ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ എം സുരേന്ദ്രൻ അറിയിച്ചു.
.jpg)

