കണ്ണൂരിൽ ഓട്ടോ തൊഴിലാളികൾ നടത്തിയ കോർപറേഷൻ ഓഫീസ് മാർച്ചിൽ സംഘർഷം: മേയറുടെ വാഹനം തടഞ്ഞു


കണ്ണൂർ:ഓട്ടോ തൊഴാളി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്ത്വത്തിൽ തൊഴിലാളികൾ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നിന് അതുവഴി വന്ന മേയറുടെ വാഹനം തൊഴിലാളികൾ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പൊലിസ് ഇടപെട്ടാണ് മേയർ മുസ്ലിഹ് മഠത്തിൽ സഞ്ചരിച്ച വാഹനം കാര്യാലയത്തിൻ്റെ അകത്തേക്ക് കടത്തിവിട്ടത്.
കണ്ണൂർ കോർപറേഷനിൽ ഒട്ടോറിക്ഷകൾക്ക് പാർക്കിങ്ങ് എവിടെ"യെന്ന മുദ്രാവാക്യവുമായാണ് നൂറുക്കണക്കിന് തൊഴിലാളികൾ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് കോർപറേഷൻ ഓഫീസിലേക്ക് പ്രകടനമായെത്തിയത്. കോടതി വിധിയുടെ പേര് പറഞ്ഞ് നഗരത്തിൽ ഓട്ടോ റിക്ഷാസ്റ്റാന്റ് മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് ' തുടർന്ന് കോർപറേഷൻ മുഖ്യ കവാടത്തിന് മുൻപിൽ മാർച്ച് പൊലിസ് തടഞ്ഞതിനാൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി.
കാടൻ ബാലകൃഷ്ണൻ ധർണാ സമരം ഉദ്ഘാടനം ചെയ്തു. എൻ ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ വി പ്രകാശൻ ,കെ ജയരാജൻ, സത്യൻ ചാലക്കര, കുന്നത്ത് രാജീവൻ , മുഹമ്മദ് എന്നിവർ സംസാരിച്ചു.