സി.കെ ചന്ദ്രപ്പൻ കമ്മ്യുണിസ്റ്റ് മൂല്യങ്ങൾ കാത്തു സൂക്ഷിച്ച നേതാവ് : സി പി സന്തോഷ്


കണ്ണൂർ : കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോർന്നു പോകാതെ പൊതു ജീവിതത്തിൽ വിശുദ്ധി കാത്തു സൂക്ഷിക്കാൻ എല്ലാ പ്രവർത്തകർക്കും സാധിക്കണമെന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന വ്യക്തിയായിരുന്നു സി കെ ചന്ദ്രപ്പൻ എന്ന് സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ.
അഖിലേന്ത്യ കിസാൻ സഭ ജില്ലാ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സി കെ ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയവും രാഷ്ട്രീയവും താഴെ തട്ടിലെത്തിക്കണം എന്നാലെ പാർട്ടി മുന്നേറു എന്ന ചിന്ത തന്നെ അദ്ദേഹം സംഘടനയോട് എത്ര മാത്രം ജാഗ്രത പുലർത്തിയെന്നത് വ്യക്തമാണ്.

സമാനതകളില്ലാത്ത വ്യക്തിത്വവും കർമ്മ വിശുദ്ധിയും കൊണ്ട് സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ ചന്ദ്രപ്പൻ്റെ പേര് അടയാളപ്പെട്ടതാണ്. അദ്ദേഹത്തിൻ്റെ സംഘടനാ പാടവും സമരവീര്യവും ഇന്നും വരും തലമുറകൾക്കും കമ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും കരുത്തോടെ മുന്നോട്ട് നയിക്കാൻ പ്രചോദനം പകരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സി പി സന്തോഷ് കുമാർ പറഞ്ഞു.
ചടങ്ങിൽ കിസാൻ സഭ ജില്ലാ പ്രസിഡൻ്റ് പി കെ മധുസൂദനൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് എ പ്രദീപന്‍, ജില്ലാ സെക്രട്ടറി സി പി ഷൈജൻ, കെ പി കുഞ്ഞി കൃഷ്ണൻ, എം ഗംഗാധരൻ, പയ്യരട്ട ശാന്ത എന്നിവര്‍ പ്രസംഗിച്ചു.