സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി; സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കണം : കണ്ണൂർ ജില്ലാ കളക്ടർ

City Road Improvement Project: Land acquisition must be expedited, says Kannur District Collector.

കണ്ണൂർ: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം. ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് വീതികൂട്ടൽ നടപടികളാണ് കൂടുതൽ അഭികാമ്യമെന്ന് യോഗത്തിൽ പങ്കെടുത്ത കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര പറഞ്ഞു. 

വി കെ കൃഷ്ണമേനോൻ  മെമ്മോറിയൽ വനിതാ കോളേജ് ജംങ്ഷൻ മുതൽ കണ്ണോത്തുംചാൽ വരെയുള്ള ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിലവിലുള്ള റോഡ് വീതികൂട്ടിയാൽ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാകും. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വലിയ വാഹനങ്ങളെ ഇതുവഴി തിരിച്ചുവിടാൻ കഴിയും. ഇതോടെ നഗരത്തിലെ വാഹനത്തിരക്ക് വലിയ തോതിൽ കുറയുമെന്നും മേയർ പറഞ്ഞു. 

റോഡ് വികസനത്തിന്റെ മുന്നോടിയായി പാതയോരങ്ങളിലെ മരങ്ങൾ ഉൾപ്പെടെയുള്ളവയുടെ കണക്കുകളെടുക്കാനും മ്യൂല്യനിർണ്ണയ നടപടികൾ ഒരുമാസത്തിനകം പൂർത്തീകരിക്കാനും ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വളപട്ടണം മുതൽ ചാല വരെയുള്ള ഭാഗങ്ങളെ മൂന്ന് റീച്ചുകളായി തിരിച്ച് ഇതിനായുള്ള കണക്കെടുപ്പുകൾ പൂർത്തീകരിക്കണം. യുദ്ധകാലാടിസ്ഥാനത്തിൽ സിറ്റി റോഡ് വികസന പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ കളക്ടർ പറഞ്ഞു. നിലവിൽ ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗത്തിൽ അവലോകനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags