അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോണസ് നൽകാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി യു ജീവനക്കാർക്ക് ഓണക്കിറ്റ് നൽകും

CITU will provide one-time kits to employees of Kannur Medical College Hospital in Anjarakandi in protest against non-payment of bonuses

കണ്ണൂർ: അഞ്ചരക്കണ്ടിയിൽ പ്രവർത്തിക്കുന്ന കണ്ണൂർ മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഓണം ബോണസ് ഉത്സവ ബത്ത മാനേജ്മെൻ്റ് അനുവദിക്കാത്തതിനെതിരെ സർക്കാർ ഇടപെടണമെന്ന് കണ്ണൂർ ഡിസ്ട്രിക്റ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ  ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ളോയിസ് യൂനിയൻ (സി.ഐ.ടി യു) ജില്ലാ പ്രസിഡൻ്റ് പി. ഹരീന്ദ്രൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് മൂന്നിന് കണ്ണൂർ ഡിസ്ട്രിക് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ളോയിസ് യൂനിയൻ അംഗങ്ങളായ 20 തൊഴിലാളികൾക്ക് രാവിലെ 10 ന്  ഓണക്കിറ്റ് നൽകും.

ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ബോണസ് കൺസിലേഷനിൽ മാനേജ്മെൻ്റ് പങ്കെടുത്തിട്ടില്ല. മെഡിക്കൽ കോളേജ് വിദ്യാഭ്യാസ സ്ഥാപനമാണെന്നും ആശുപത്രി നടത്തുന്നവരല്ലെന്നുമാണ് ഇവർ ലേബർ ഓഫീസർക്ക് നൽകിയ വിശദീകരണം. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചു ചേർക്കുന്ന അനുരഞ്ജന യോഗങ്ങൾ തുടർച്ചയായി മാനേജ്മെൻ്റ് ബഹിഷ്കരിക്കുകയാണ്.

മെഡിക്കൽ കോളേജെന്ന പേരിൽ അറിയപ്പെടുന്ന അവിടെ മെഡിക്കൽ കോഴ്സുകളൊന്നും നടത്തുന്നില്ല. സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാതിരിക്കുക, ഇ പി.എഫ്, ഇ എസ്.ഐ തൊഴിലാളികൾക്ക് നൽകാതിരിക്കുക, റിട്ടയർമെൻ്റ് പ്രായം ഏകീകരിക്കാതിരിക്കുക. വേണ്ടത്ര യോഗ്യതയില്ലാത്തവരെ കൊണ്ടു ഉയർന്ന തസ്തികയിൽ തൊഴിൽ നിർബന്ധിച്ച് ചെയ്യിക്കുക, ലീവാനുകൂല്യങ്ങൾ നിഷേധിക്കുക തുടങ്ങിയ ഒട്ടേറെ നിയമലംഘനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നതെന്ന് ഹരീന്ദ്രൻ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ യൂനിയൻ ജില്ലാ സെക്രട്ടറി വി.വി ബാലകൃഷ്ണൻ, വൈസ് പ്രസി. അഡ്വ എം. വിനോദ് കുമാർ, പി.പി രാജേഷ് എന്നിവരും പങ്കെടുത്തു.

Tags