ചിറക്കൽ മഹാകളിയാട്ടം: അഗ്നിക്കോലമായി പകർന്നാടാൻ കോളജ് വിദ്യാർത്ഥി വ്രതം തുടങ്ങി


ചിറക്കൽ: തെയ്യത്തിന് പീഠംവഴക്കം ചെയ്ത മുപ്പത്തൈവർ സ്ഥാനമായ ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം മഹാ കളിയാട്ടത്തിൽ വിഷ്ണുമൂർത്തിയുടെ തീക്കോലം പകർന്നാടുന്നത് ഇക്കുറി കോളജ് വിദ്യാർത്ഥി.തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് മൂന്നാം വർഷഡിഗ്രി ഫിലോസഫിവിദ്യാർത്ഥി അഴീക്കോട് പൂതപ്പാറ കരുവയൽ
കെ.വി. വിഷ്ണു പണിക്കർക്കാണ് വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലമായ തീച്ചാമുണ്ഡി പകർന്നാട്ടത്തിന് ഇക്കുറി നിയോഗമുണ്ടായത്. മാർച്ച്28 ന് ആരംഭിക്കുന്ന മഹാ കളിയാട്ടത്തിൽ30 ന് പുലർച്ചെ 5 നാണ് വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലം.
കോലപ്പെരുമലയസ്ഥാനി കുടംബമായചിറക്കൽ തട്ടകം ജന്മാധികാരി മുരളി പണിക്കർക്കാണ് വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലത്തിൻ്റെ പാരമ്പര്യജന്മാധികാരം. അതനുസരിച്ച് ചിറക്കൽകോവിലകം പൂരുരുട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മരാജ അഗ്നിക്കോലത്തിന് കഴിഞ്ഞ ദിവസംഅടയാളം കൊടുക്കുകയായിരുന്നു.

2018 ൽഅഴീക്കോട്ട് പുതിയ മുണ്ടയാട്ട് തീച്ചാമുണ്ഡി കെട്ടിയാടിയതു വഴിയാണ് വിഷ്ണുവിന്പട്ടും വളയും പണിക്കർ സ്ഥാനവും ലഭിച്ചത്. തുടർന്ന് മൂന്നു നിരത്ത് വയലിൽ കോട്ടത്തും തീച്ചാമുണ്ഡി കെട്ടിയാടി.വിഷ്ണുപണിക്കരുടെ മൂന്നാമത്തെ അഗ്നിക്കോലമാണ്ചിറക്കൽ ചാമുണ്ഡി കോട്ടത്ത് മഹാകളിയാട്ടത്തിൽ ഇക്കുറി നടക്കുന്നത്.
ഏപ്രിൽ രണ്ടിന് മൈലാടത്തടം നാലുപുരക്കൽ പുത്തരിക്കൽ ധർമ്മദൈവ സ്ഥാനത്ത് അഗ്നി ഘണ്ടാകർണൻ തെയ്യം പകർന്നാടുന്നതും വിഷ്ണു പണിക്കരാണ്.
വിഷ്ണുമൂർത്തിക്കു പുറമെപൊട്ടൻ, ഘണ്ടാകർണൻ എന്നീ അഗ്നിക്കോലങ്ങളും ശ്രദ്ധേയങ്ങളായ വിവിധ കോലങ്ങളും നിരവധി സ്ഥാനങ്ങളിലായി ഇതിനകം കെട്ടിയാടിയിട്ടുണ്ട്.അഴീക്കോട് പുതിയ മുണ്ടയാട്ട് ദൈവ സ്ഥാനത്ത് പതിനൊന്നാം വയസിൽ വിഷ്ണുമൂർത്തിയുടെ മുദ്രക്കലശമാണ് ആദ്യ തെയ്യം.
ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത് വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലധാരിയായി അടയാളം വാങ്ങിയ വിഷ്ണു പണിക്കർ ഫെബ്രുവരി 28 മുതൽ തന്നെ വ്രതം ആരംഭിച്ചു.മുപ്പത്തൈവരുടെ പീഠസ്ഥാനമായ ചിറക്കൽ കോവിലകത്ത് വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലധാരിയാവുക എന്നത് പരമ്പരാഗതമായി
തെയ്യാട്ടക്കാരന് ലഭിക്കുന്ന അംഗീകാരമായി കരുതി വരുന്നു. അഴീക്കോട് പൂതപ്പാറ കരുവയൽ ശ്രീജിത്ത് പൊന്നു പണിക്കരുടെയും- ശ്രീജയുടെയും മകനും
പ്രശസ്ത തെയ്യാട്ടക്കാരനായിരുന്ന കരുവയൽ രാമകൃഷ്ണ പണിക്കരുടെ പേരമകനുമാണ് വിഷ്ണു പണിക്കർ 45 വർഷത്തിനു ശേഷം ആദ്യമായി നടന്ന പെരുംകളിയാട്ടത്തിൽ ജന്മാധികാരി മുരളി പണിക്കരുടെ മകനും ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിരാമായിരുന്നു വിഷണുമൂർത്തിയുടെ അഗ്നിക്കോലം കെട്ടിയാടിയത്.
121 തവണ അഗ്നിക്കോലമാടി ചരിത്രം കുറിച്ച അഭിരാമിന്ചിറക്കൽ കോവിലകത്തു നിന്ന് പണിക്കർ സ്ഥാനവും പട്ടും വളയും ലഭിച്ചിരുന്നു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അഗ്നിക്കോലം കെട്ടിയാടിയത് ഏറെവിവാദവുമായിരുന്നു. മാർച്ച് 28 മുതൽ 31 വരെയാണ് ഇക്കുറി ചിറക്കൽ കോവിലകം മഹാകളിയാട്ടം.
പുലിച്ചാമുണ്ഡി, ഉച്ചിട്ടഅഗ്നിഘണ്ടാകർണൻ , പുതിയ ഭഗവതി, എന്നീ അഗ്നിക്കോലങ്ങളും മഹാകളിയാട്ടത്തിൽ വിവിധ ദിവസങ്ങളിലായി തിരുമുറ്റത്തുറഞ്ഞാടും
45 വർഷത്തിനു ശേഷം നടന്ന പെരുംകളിയാട്ടത്തിൽ കെട്ടിയാടിയ 37 ഓളം തെയ്യങ്ങൾ ഇക്കുറി മഹാകളിയാട്ടത്തിൽ കെട്ടിയാടുന്നുണ്ട്.