ഹരിശ്രീ കുറിച്ച് കുരുന്നുകൾ ; കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായി വിദ്യാരംഭച്ചടങ്ങുകൾ

Children worship Harishree; Devotional initiation ceremonies at temples in Kannur

കണ്ണൂർ : അക്ഷരങ്ങളിലൂടെ അറിവിലേക്കുള്ള ആദ്യ ചുവടുവെപ്പ്... പ്രാർത്ഥനകളുടെയും വിശ്വാസത്തിന്റെയും നിറവിൽ വിജയദശമി ദിനത്തിൽ ഭക്തിസാന്ദ്രമായി കണ്ണൂരിലെ ക്ഷേത്രങ്ങൾ. കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ വൻ തിരക്കായിരുന്നു. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ നൂറുകണക്കിന് കുട്ടികൾ ഹരിശ്രീ കുറിച്ചപ്പോൾ, കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ വിദ്യാരംഭച്ചടങ്ങോടെ നവരാത്രി ആഘോഷങ്ങൾക്കും സമാപനമായി.വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കുരുന്നുകളുടെ ആദ്യാക്ഷരത്തിന് സാക്ഷിയാകാൻ നൂറുകണക്കിന് രക്ഷിതാക്കളാണ് ക്ഷേത്രങ്ങളിലെത്തിയത്.

Children worship Harishree; Devotional initiation ceremonies at temples in Kannur

വിദ്യാരംഭത്തിനായി ഏറ്റവും കൂടുതൽ ആളുകളെത്തുന്ന ക്ഷേത്രങ്ങളിലൊന്നായ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തിരക്ക് അനുഭവപ്പെട്ടു. നിരവധി കുരുന്നുകളാണ് ഇവിടെ ഹരിശ്രീ കുറിച്ചത്. കാട്ടുമഠം ഇളയിടത്ത് ഈശാനൻ നമ്പൂതിരി, മനങ്ങാട്ട് ഇല്ലത്ത് ശങ്കരനാരായണ പ്രസാദ്, ചാലക്കുന്ന് ശങ്കരൻ നമ്പൂതിരി, മംഗലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊടുവള്ളി ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരാണ് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചത്. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, ഇരിക്കൂർ മാമാനിക്കുന്ന് ദേവീക്ഷേത്രം, വളപട്ടണം കളരിവാതുക്കൽ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും അതിരാവിലെ മുതൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തി. വിവിധ ക്ഷേത്രങ്ങളിൽ ഗ്രന്ഥമെടുപ്പ് ചടങ്ങുകളും നടന്നു.

അതേസമയം, കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 11 മുതൽ നടന്നുവന്ന നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമി ദിനത്തിലെ വിദ്യാരംഭത്തോടെ സമാപനമായി. എല്ലാ ദിവസവും ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ പാരായണം നടന്നു. മഹാനവമി ദിനമായ ചൊവ്വാഴ്ച വാഹനപൂജയും വിജയദശമി ദിനത്തിൽ ഗ്രന്ഥമെടുപ്പും വിദ്യാരംഭവും സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരിയും ഇ.എൻ. ഗോവിന്ദൻ നമ്പൂതിരിയും പൂജകൾക്ക് കാർമികത്വം വഹിച്ചു. വിദ്യാരംഭച്ചടങ്ങിന് കരിപ്പീലി ഇല്ലത്ത് കൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകി. ചടങ്ങുകൾക്കുശേഷം പ്രസാദവിതരണവും നടന്നു.

Tags