ഐ.ആർ.പി.സി ഡയാലിസിസ് സെന്റർ കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ : ഇനീഷ്യേറ്റിവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ (ഐ.ആർ.പി.സി) കണ്ണോത്തും ചാലിൽ ശ്രീനാരായണ സേവാ വായനശാലയ്ക്കു സമീപം സജ്ജമാക്കിയ ഐ.ആർ.പി.സി ശ്രീനാരായണ ഡയാലിസസ് സെന്ററിന്റെ ഉദ്ഘാടനം നവംബർ 18 ന് രാവിലെ ഒൻപതു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പത്തു ഡയാലിസസ് മെഷ്യനടക്കം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഡയാലിസസ് സെന്റർ രണ്ടു കോടി രൂപ ചെലവിലാണ് സജ്ജീകരിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി പ്രതിദിനം 30 വൃക്കരോഗികൾക്ക് ഡയാലിസ സ് ചെയ്യാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. അർഹരായ നിർധന രോഗികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യനിരക്കിലും ഡയാലിസ് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പി.ജയരാജൻ പറഞ്ഞു.
ഇതിനോടൊപ്പം ഓട്ടിസം, സെറിബ്രൽ പാഴ്സി രോഗ ബാധിതരായ കുട്ടികൾക്കായുള്ള സ്പെഷ്യൽ സ്കൂൾ മുൻ മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും ഡയാലിസസ് സെന്റർ ഓഫിസ് മുൻ എം.എൽ എ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ എ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഐ.ആർ.പി.സി ചെയർമാൻ എം.പ്രകാശൻ സി. ഹരികൃഷ്ണൻ , കെ.വി.മുഹ്മ്മദ് അഷ്റഫ് എ . പ്രകാശൻ എന്നിവരും പങ്കെടുത്തു.