അഴുക്കിൽ നിന്നും അഴകിലേക്ക് ചെമ്പിലോട് ; സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു


ചക്കരക്കൽ :മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചെമ്പിലോട് പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഇതോടൊപ്പം ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
എല്ലാ വീടുകളിലും റിങ്ങ് കമ്പോസ്റ്റ്, കുട്ടികളുടെ സാനിറ്റേഷൻ കോൺക്ലേവ്, ഒരു മാസം നീണ്ടുനിന്ന ഓൺലൈൻ ശുചിത്വക്ലാസ്, തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഗ്രീൻ അംബാസിഡർമാരായി തെരഞ്ഞെടുക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പഞ്ചായത്ത് നടത്തുന്നുണ്ട്.
കോയോട്, ചക്കരക്കൽ, ചാല ടൗണുകളെ മുന്നേതന്നെ ഹരിതടൗണുകളായി പ്രഖ്യാപിച്ചിരുന്നു. വായനശാലകൾക്കുള്ള വേസ്റ്റ് ബിൻ മന്ത്രി വിതരണം ചെയ്തു.ചടങ്ങിൽ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.ദാമോദരൻ അധ്യക്ഷനായി. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ വിശിഷ്ടാതിഥിയായി. ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പ്രസീത, എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സുരേശൻ, ചെമ്പിലോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. രതീശൻ, പഞ്ചായത്തംഗം ഇ.ബിന്ദു, കെ.ബാബുരാജ്, ടി. പ്രകാശൻ, കെ. രാഘവൻ, എം. മുസ്തഫ, കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.എം. ബിന്ദു സ്വാഗതവും ജൂനിയർ സൂപ്രണ്ട് കൃഷ്ണൻ പണ്ണേരി നന്ദിയും പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി ചാല ടൗണിൽ ശുചിത്വ സന്ദേശ ഘോഷയാത്ര സംഘടിപ്പിച്ചു.