മണ്ണിന്‍ മണമുള്ള അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി 'ചട്ടീം കലോം' പരിപാടി: മണ്‍പാത്ര നിര്‍മാണത്തില്‍ പങ്കാളിയായി കണ്ണൂർജില്ലാ കലക്ടറും
കണ്ണൂർ: കളിമണ്ണില്‍ രൂപങ്ങള്‍ തീര്‍ക്കുന്നതിന്റെ കൗതുകവും പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണത്തിന്റെ സവിശേഷതകളും നേരിട്ട് പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'ചട്ടീം കലോം' മണ്‍പാത്ര നിര്‍മ്മാണ ശില്‍പശാല ശ്രദ്ധേയമായി.
അന്യംനിന്നുപോകുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ കലയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും അത് നേരിട്ടനുഭവിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. കണ്ണപുരം മൊട്ടമ്മല്‍ സ്വദേശി മാക്കൂട്ടം ബാലന്‍ മണ്‍പാത്ര നിര്‍മ്മാണ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. മണ്‍പാത്ര നിര്‍മ്മാണത്തിനാവശ്യമായ കളിമണ്ണ് ശേഖരിക്കുന്നതു മുതല്‍ അത് രൂപപ്പെടുത്തി വ്യത്യസ്ത രൂപത്തിലുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്നതു വരെയുള്ള വവിവിധ ഘട്ടങ്ങള്‍ അദ്ദേഹം പരിചയപ്പെടുത്തി.
ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജും ശില്‍പശാലയിലെത്തി മണ്‍പാത്ര നിര്‍മാണത്തില്‍ പങ്കാളിയായി. മണ്‍പാത്ര നിര്‍മ്മാണം നേരിട്ട് മനസ്സിലാക്കാനും പരീക്ഷിച്ചുനോക്കാനും അവസരം ലഭിച്ചതോടെ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ വളരെ ആവേശത്തോടെയാണ് പരിപാടിയെ വരവേറ്റത്. പാരമ്പര്യ കലാരൂപങ്ങളെയും പ്രാദേശിക കഴിവുകളുളെയും പുതുതലമുറയെ കൂടി പരിചയപ്പെടുത്തുന്നതിനായി ഇത്തരത്തിലുള്ള കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കണ്ണൂര്‍ നഗരത്തിലെ പൊതുഇടങ്ങള്‍ വ്യത്യസ്ത പരിപാടികളിലൂടെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കലക്ടറേറ്റ് ആംഫി തിയറ്റര്‍ പരിസരത്ത് സംഘടിപ്പിച്ച 'ഇടം' പുസ്തക ചര്‍ച്ച ശ്രദ്ധേയമായിരുന്നു. ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പദ്ധതി (ഡിസിഐപി) യിലെ ഇന്റേണുകളാണ് പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചത്.

.jpg)

