തളിപ്പറമ്പ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ 13, 14 തീയതികളിൽ തൊഴിൽ ഉച്ചകോടി സംഘടിപ്പിക്കും
തളിപ്പറമ്പ: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിലെ ബയോ ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അന്തർദേശീയ ശാസ്ത്രജ്ഞൻമാർ പങ്കെടുക്കുന്ന ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. എ.വി.പി സിറാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബയോടെക്നോളജി രംഗത്ത് ഏറ്റവും നൂതനമായ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്താനും പഠിക്കുവാനുമായി ജനുവരി 13, 14 തീയതികളിലായാണ് തൊഴിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്. 13ന് രാവിലെ പത്ത് മണിക്ക് ഹൈദരബാദ് ആസ്ഥാനമായുള്ള അഡ്‌വാൻ്റ് സിഡ്‌സ് ബയോടെക് കമ്പനിയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. പി.കെ അനീഷ്‌കുമാർ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
ന്യൂഡൽഹി ആസ്ഥാനമായുള്ള പ്രൊജെനിസിസ് ഇൻഡ്യാ ബയോടെക് കമ്പനി ഡയറക്‌ടർ ഡോ. ജെസ്ന ജഗൻമോഹൻ, മണിപ്പാൽ കർണ്ണാടക ഇൻക്യുബേറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മനേഷ് തോമസ്, പ്രമുഖ ബയോടെക് സംരംഭകൻ ഡോ. ദിലീപ്‌കുമാർ, അബുദാബിയിലെ ഫുഡ്‌സേഫ്റ്റി കൺസൾട്ടന്റ് എസ്.പി റാഷിദ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുക്കും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ.പി ഷബീന, തസ്നീം അബ്ദുല്ല, വി.കെ ഷാജി എന്നിവരും പങ്കെടുത്തു.