മയിൽപ്പീലി യങ് സ്കോളർ പരീക്ഷയ്ക്കുള്ള അനുമതി പിൻവലിച്ചതിൽ പ്രതിഷേധിച്ച് സി. സദാനന്ദൻ മാസ്റ്റർ എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തുനൽകി

Union Cabinet Reshuffle: C. Sadanandan is under consideration for the Union Cabinet; Hope for Kerala BJP


കണ്ണൂർ:മയിൽപ്പീലി യങ് സ്കോളർ പരീക്ഷയ്ക്കുള്ള അനുമതി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ച സംഭവത്തിലും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ മറ്റ് സമീപകാല സംഭവവികാസങ്ങളിലും കേന്ദ്രസർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്റർ കത്ത് നൽകി. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഇടപെടലുകൾ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2017 മുതൽ മയിൽപ്പീലി ബാലമാസികയും മയിൽപ്പീലി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന മയിൽപ്പീലി യങ് സ്കോളർ പരീക്ഷ വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനം, വായനാശീലം, ദേശസ്നേഹം, ദേശീയബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിദ്യാഭ്യാസ സംരംഭമാണ്. 2026-ലെ പരീക്ഷയ്ക്ക് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിന് ഒക്ടോബർ 12-ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അനുമതി നൽകിയിരുന്നു. ഫീസ് ഈടാക്കാതെയും പഠനത്തെ ബാധിക്കാതെയും നടത്താനിരുന്ന പരീക്ഷയ്ക്ക് രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ്പും പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ പരാതികളെ തുടർന്ന് നവംബർ 14-ന് അനുമതി പിൻവലിച്ചത് പ്രതിഷേധാർഹമാണ്.വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനവും അക്കാദമിക മികവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ പരിപാടിക്ക് ഔദ്യോഗിക അനുമതി നൽകിയശേഷം അത് പിൻവലിക്കുന്നത് നിർഭാഗ്യകരമാണ്. രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കപ്പെടരുത്.

കാസർഗോഡ് പള്ളത്തടുക്ക എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിന ക്വിസിൽ വീർ വിനായക് ദാമോദർ സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും, മയിൽപ്പീലി യങ് സ്കോളർ പരീക്ഷയ്ക്കുള്ള അനുമതി പിൻവലിച്ചതും, പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിനോടുള്ള കേരള സർക്കാരിന്റെ എതിർപ്പും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതാണ്.

വികസിത ഭാരതം 2047 എന്ന ലക്ഷ്യവും ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ലക്ഷ്യങ്ങളും മുൻനിർത്തി വിദ്യാർത്ഥികളിൽ ചരിത്രബോധം, വിമർശനാത്മക ചിന്ത, ദേശീയബോധം, സ്വാതന്ത്ര്യസമരത്തിൽ പങ്കുവഹിച്ച വ്യക്തികളോടുള്ള ആദരവ് എന്നിവ വളർത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ മേഖല രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിവേചനങ്ങളിൽ നിന്ന് മുക്തമായിരിക്കണം.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ സമൂഹത്തിന്റെയും താൽപര്യം മുൻനിർത്തി കേരള സർക്കാർ ഇത്തരം വിഷയങ്ങളിൽ നീതിപൂർവവും നിഷ്പക്ഷവുമായ സമീപനം സ്വീകരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി അറിവിന്റെയും വ്യക്തിത്വവികസനത്തിന്റെയും ദേശീയ ഐക്യത്തിന്റെയും കേന്ദ്രങ്ങളായി നിലനിൽക്കണമെന്നും സി. സദാനന്ദൻ മാസ്റ്റർ എം.പി ആവശ്യപ്പെട്ടു.

Tags