മെഡിക്കൽ പ്രതിനിധിയുടെ മരണത്തിൽ അന്വേഷണം വേണം: ബിഎംഎസ്ആർഎ
കണ്ണൂർ: അബോട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മെഡിക്കൽ റപ്രസന്റേറ്റീവ് ആയിരുന്ന തിരുവനന്തപുരം സ്വദേശി മിഥുനിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ബിഎംഎസ്ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജയദീപ് ആവശ്യപ്പെട്ടു. മെഡിക്കൽ പ്രതിനിധിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിഎംഎസ്ആർഎ കലക്‌ട്രേറ്റീന് മുന്നിൽ നടത്തിയ ധർണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഥുനിന്റെ മരണത്തിന് മുമ്പ് ജോലി സ്ഥലത്തെ അമിതമാനസിക സമ്മർദ്ദവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണമെന്നും തൊഴിലാളികളുടെ അവകാശങ്ങളും മാനസികാരോഗ്യവും സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേഖലയിലെ ജീവനക്കാരുടെ ജോലിഭാരം, ലക്ഷ്യാധിഷ്ഠിത സമ്മർദ്ദം, മാനേജ്‌മെന്റ് രീതികൾ എന്നിവയെക്കുറിച്ച് സമഗ്ര പഠനം നടത്തണം. ജോലിസ്ഥലങ്ങളിൽ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും പരാതികൾ സുരക്ഷിതമായി അറിയിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം. മിഥുനിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിന് സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണം. അതോടൊപ്പം കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിഎംഎസ്ആർ ജില്ലാ പ്രസിഡന്റ് പി.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം. പ്രസന്നൻ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. ജിയേഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം. റിജിൽ നന്ദിയും പറഞ്ഞു.
.jpg)

