പരിസ്ഥിതിസൗഹൃദം; ചാൽബീച്ചിന് ബ്ലൂ ഫ്ളാഗ്, മന്ത്രി റിയാസ് ഇന്ന് പതാക ഉയർത്തും

Environment-friendly; Blue Flag awarded to Chal Beach, Minister Riyaz will hoist the flag today
Environment-friendly; Blue Flag awarded to Chal Beach, Minister Riyaz will hoist the flag today

കണ്ണൂർ: പരിസ്ഥിതിസൗഹൃദവും സുരക്ഷിതവുമായ ടൂറിസം വികസനത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് സ്വന്തമാക്കിയ ചാൽബീച്ചിൽ ഞായറാഴ്ച ഔദ്യോഗികപതാക ഉയർത്തൽ ചടങ്ങ് നടത്തും. വൈകീട്ട് അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാക ഉയർത്തും. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിക്കും.

പരിസ്ഥിതിസൗഹൃദ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കിയാണ് അഴീക്കോട് ഗ്രാമപ്പഞ്ചായത്തിലെ ചാൽബീച്ച് ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കിയത്. ഡെന്മാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജുക്കേഷനാണ് (എഫ്ഇഇ) ബ്ലൂ ഫ്ളാഗ് അംഗീകാരം നൽകുന്നത്.

ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ നേട്ടം ഗുണകരമാകുമെന്നും ഇതുവഴി ജില്ലയിലെ എല്ലാ വിനോദസഞ്ചാരമേഖലയിലും ഉണർവുണ്ടാകുമെന്നും കെ.വി. സുമേഷ് എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശീയരായ ആളുകൾക്ക് നിരവധി തൊഴിൽസാധ്യതകൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളത്തിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ഡിടിപിസി സെക്രട്ടറി പി.ജി. ശ്യാംകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

എംഎൽഎയുടെ നേതൃത്തിൽ ജില്ലാഭരണകൂടവും ഡിടിപിസിയും അഴീക്കോട് പഞ്ചായത്തും നടത്തിയ പ്രവർത്തനങ്ങളാണ് ലക്ഷ്യം കണ്ടത്. അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് സജ്ജീകരിച്ച വാട്ടർ എടിഎം, സാമൂഹിക വനവത്കരണവിഭാഗത്തിന്റെ സഹകരണത്തോടെ ബീച്ചിൽ ആരംഭിച്ച ബട്ടർഫ്ളൈ പാർക്ക്, കടലാമപ്രജനനകേന്ദ്രം, അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് മുഖേന പ്ലാസ്റ്റിക് നിർമാർജനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ എന്നിവയും ഹെർബൽ ഗാർഡനും ചാൽബീച്ചിനെ ആകർഷകമാക്കുന്നു.

കുടിവെള്ളം ലഭ്യമാക്കാൻ അഴീക്കോട് പഞ്ചായത്ത് രണ്ട് വാട്ടർ കിയോസ്‌ക്കുകൾ ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് രൂപയ്ക്ക് ഒരുലിറ്റർ വെള്ളം ലഭിക്കും.ബീച്ചിലെ പ്രധാന കവാടത്തിനു ഇരുവശവും 150 മീറ്റർ വീതം സുരക്ഷിത നീന്തൽമേഖലയാണ്. സുരക്ഷാപരിശോധന നടത്തിയശേഷമാണ് 300 മീറ്റർ ഭാഗം സുരക്ഷിത നീന്തൽമേഖലയായി വേർതിരിച്ചത്. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് രണ്ട് ലൈഫ് ഗാർഡുകളെ ഡിടിപിസി നിയോഗിച്ചിട്ടുണ്ട്. ദിവസേന ശുചീകരണപ്രവർത്തനങ്ങൾക്കായി ഏഴ് കുടുംബശ്രീ വൊളന്റിയർമാരെയും ഡിടിപിസി നിയോഗിച്ചിട്ടുണ്ട്

കളക്ടർ അരുൺ കെ. വിജയൻ ചെയർമാനായ ചാൽബീച്ച് മാനേജ്മെന്റ് കമ്മിറ്റി അസി. കളക്ടർ ഗ്രന്ഥേ സായികൃഷ്ണയുടെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ബ്ലൂ ഫ്ലാഗ് പ്രവർത്തനങ്ങളുടെ അവലോകനം, ചാൽബീച്ചിൽ ബ്ലൂ ഫ്ളാഗ് അവാർഡ് ലഭ്യമാക്കാനായി നടത്തിയ മാനദണ്ഡങ്ങളുടെ അവതരണം, ഗ്രൂപ്പ് ചർച്ച എന്നിവയ്ക്കുശേഷമാണ് അവാർഡ് പ്രഖ്യാപിച്ചത്.


 

Tags