കേരളത്തിൽ ഭരണത്തിൽ എത്തുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം ; അഡ്വ. എസ് സുരേഷ്
തലശ്ശേരി : കേരളത്തിൽ ഭരണത്തിൽ എത്തുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു. തലശ്ശേരി പാരീസ് പ്രസിഡൻസിയിൽ നടന്ന ബിജെപി സൗത്ത് സമ്പൂർണ്ണ ജില്ല കമ്മിറ്റി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി,കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രീതി പിടിച്ചു പറ്റാൻ ബിജെപിക്ക് സാധിച്ചു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടുകൂടി ബിജെപി വിമർശകർക്ക് അതു ബോധ്യപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ, ബിജെപി വോട്ട് ശതമാനം വർദ്ധിപ്പിക്കുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യമെങ്കിൽ, ഇപ്പോൾ സംസ്ഥാനത്ത് ഭരണം പിടിക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം.

കേരളത്തിൽ കോർപ്പറേഷനിലും നിരവധി മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളിലും ഭരണത്തിലേറാൻ ബിജെപിക്ക് നിഷ്പ്രയാസം സാധിക്കും. മോദി സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളിലേക്ക് ദൈനംദിനം എത്തുന്നതിന്റെ അടിസ്ഥാനത്തിൽ, ബിജെപിയുടെ സ്വീകാര്യത സംസ്ഥാനത്തെങ്ങും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ, ഓരോ പാർട്ടി നേതാവും,ഓരോ പാർട്ടി പ്രവർത്തകനും സ്വന്തം വാർഡിൽ പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കലാണ് പ്രധാന ഉത്തരവാദിത്വമെന്നും അദ്ദേഹം നേതൃയോഗത്തിൽ പ്രവർത്തകരെ ഓർമിപ്പിച്ചു.
ബിജെപി സൗത്ത് ജില്ല കമ്മിറ്റി പ്രസിഡണ്ട് ബിജു ഏളകുഴി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് ടി.പി ജയചന്ദ്രൻ മാസ്റ്റർ, മേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ വി. വി ചന്ദ്രൻ, പി.സത്യപ്രകാശൻ മാസ്റ്റർ, എൻ.ഹരിദാസ്, ഒ. നിധീഷ്, സംസ്ഥാന കൗൺസിൽ കെ.പി പദ്മിനി ടീച്ചർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ഷിജി ലാൽ, എം. ആർ സുരേഷ്, വി. പി ഷാജി മാസ്റ്റർ,വി. പി സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
.jpg)


