കൊലയാളികളെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നു; ബിജെപി


കണ്ണൂർ: എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാലിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണവേളയിൽ സാക്ഷികൾ ഹാജരാകാതിരിക്കാൻ പോലീസ് ബോധപൂർവമായ ശ്രമം നടത്തുകയായിരുന്നുവെന്നു ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ആരോപിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വിചാരണ ആരംഭിച്ചത്. 2024 ഒക്ടോബർ ആദ്യവാരം സമൻസ് സാക്ഷികൾക്ക് വിതരണം ചെയ്യാൻ പോലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. നാല് മാസമുണ്ടായിട്ടും പോലീസ് സാക്ഷികൾക്ക് സമൻസ് വിതരണം ചെയ്തില്ല.
വിതരണം ചെയ്ത സത്യവാങ്മൂലം പതിനഞ്ചു ദിവസം മുമ്പേ പോലീസ് കോടതിക്ക് സമർപ്പിക്കണം. എന്നാൽ വിചാരണക്കെടുക്കുന്ന അന്നേ ദിവസം കാലത്ത് മാത്രമാണ് ഇങ്ങനെയൊരു റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചത്. സാക്ഷികൾക്ക് സമൻസ് നൽകാതെ, സമൻസ് നൽകിയെന്ന കള്ള സത്യവാങ്മൂലമാണ് പോലീസ് കോടതിക്ക് നൽകിയത്. കൊലയാളികളെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നു എന്നതിന്റെ പ്രഥമ ദൃഷ്ടാന്തമാണിത്.

സാക്ഷികൾക്ക് സമൻസ് വിതരണം ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കോടതിക്ക് കള്ള സത്യവാങ് മൂലം സമർപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.