കണ്ണൂർ താഴെചൊവ്വ, നടാൽ റെയിൽവേ മേൽപ്പാലങ്ങൾ അട്ടിമറിച്ചത് എൽഡിഎഫ് - യുഡിഎഫ് സർക്കാരുകളെന്ന് ബിജെപി
കണ്ണൂർ: താഴെ ചൊവ്വ, നടാൽ റെയിൽവേ മേൽപ്പാലങ്ങൾ അട്ടിമറിച്ചത് സംസ്ഥാനം മാറി മാറി ഭരിച്ച എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ ആണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ്കുമാർ പ്രസ്താവിച്ചു. വാജ്പേയ് മന്ത്രിസഭയിൽ ഒ രാജഗോപാൽ റെയിൽവേ വകുപ്പ് സഹമന്ത്രിയായിരുന്ന കാലത്ത് ബിജെപിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് താഴെചൊവ്വയിലും നടാലിലും റെയിൽവേ മേൽപ്പാലങ്ങൾക്ക് അനുമതി കിട്ടിയത്.
അന്ന് അവതരിപ്പിച്ച റെയിൽവേ ബജറ്റിൽ ആവശ്യമായ തുക വകയിരുത്തിയിരുന്നു. തുടർന്ന് ഒന്നാം ഘട്ടം പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്ത് ഇ കെ നായനാർ നേതൃത്വം നൽകിയ അന്നത്തെ എൽഡിഎഫ് സർക്കാറും പിന്നീട് വന്ന എ കെ ആൻറണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരും അടിസ്ഥാന സൗകര്യങ്ങൾ റെയിൽവേ മന്ത്രാലയത്തിന് ഒരുക്കി കൊടുത്തില്ല. പിന്നീട് വന്ന ഒരു സർക്കാരും ഈ രണ്ട് റെയിൽവേ മേൽപ്പാലങ്ങളും യാഥാർത്ഥ്യമാക്കുന്നതിൽ നിരുത്തരവാദിത്വം കാണിച്ചു.
ഇപ്പോഴത്തെ കണ്ണൂർ എംഎൽഎ കോർപ്പറേഷൻ മേയറായിരുന്ന കാലത്തും ഈ രണ്ട് മേൽപ്പാലങ്ങളും യാഥാർത്ഥ്യമാക്കുന്നതിൽ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണം. താഴെചൊവ്വയും നടാലും കണ്ണൂർ കോർപ്പറേഷൻ പരിധിക്കകത്താണുള്ളത്. ഇപ്പോൾ കണ്ണൂർ എംഎൽഎ കാണിക്കുന്നത് രാഷ്ട്രീയ നാടകം മാത്രമാണ്. വാജ്പേയി സർക്കാർ അനുവദിച്ചിട്ടും ഈ രണ്ട് റെയിൽവേ മേൽപ്പാലങ്ങളും ഇത്രയും കാലമായിട്ടും യാഥാർത്ഥ്യമാക്കാത്തതിൽ സിപിഎമ്മും കോൺഗ്രസ്സും ജനങ്ങളോട് മാപ്പ് പറയണമെന്നും വിനോദ് കുമാർ ആവശ്യപ്പെട്ടു
.jpg)

