ബീക്കൺ ടൗൺ പദ്ധതി; അവലോകന യോഗം ചേർന്നു സൗന്ദര്യവത്കരണത്തിന് ഊന്നൽ നൽകണം: കണ്ണൂർ ജില്ലാ കളക്ടർ
കണ്ണൂർ : ജില്ലയിൽ നടപ്പിലാക്കി വരുന്ന പ്രൊജക്ട് ബീക്കൺ ടൗണിന്റെ ഭമാഗിയ പട്ടണങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും സൗന്ദര്യവത്കരണത്തിന് ഊന്നൽ നൽകണമെന്ന് ജില്ലാ കളക്ടർ പി വിഷ്ണുരാജ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ പ്രതിനിധികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തതോടെ മാലിന്യരഹിതവും വൃത്തിയുള്ളതുമായ പട്ടണങ്ങളും ഗ്രാമക്കവലകളും സൃഷ്ടിച്ചെടുക്കുകയെന്നതാണ് ബീക്കൺ ടൗൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശുചിത്വമുള്ള പരിസരങ്ങൾ, മികച്ച പൊതുസൗകര്യങ്ങൾ, ഹരിത മനോഹരമായ പൊതു ഇടങ്ങൾ എന്നിങ്ങനെ ബീക്കൺ ടൗൺ പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടെ പട്ടണങ്ങളുടെ സൗന്ദര്യവൽക്കരണം സാധ്യമാവും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അവിടങ്ങളിൽ പൂന്തോട്ടങ്ങൾ, ചുമർചിത്രങ്ങൾ തുടങ്ങിയവ ഒരുക്കാനാവും. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പ്രൊജക്ട് ബീക്കൺ ടൗണിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, മലമൂത്ര വിസർജ്ജനം, നടപ്പാതയുടെ ശോച്യാവസ്ഥ, ഓവചാലുകളുടെ അപര്യാപ്തത, പാർക്കിങ്ങ് സൗകര്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ഒക്ടോബർ രണ്ടു വരെയുള്ള ആദ്യഘട്ടത്തിൽ തന്നെ പരിഹരിക്കപ്പെടണം. ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ താഴെത്തട്ട് വരെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറണം. വകുപ്പുകളുടെ ഏകോപനവും കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയായ പരിപാലനവും ബീക്കൺ ടൗൺ പദ്ധതിയിൽ അനിവാര്യമാണ്. എന്റെ ടൗൺ എന്റെ അഭിമാനം എന്ന രീതിയിൽ എല്ലാവരും ബീക്കൺ ടൗൺ പദ്ധതിയെ നെഞ്ചേറ്റണം. ജനപ്രതിനിധികൾ, ഹരിതകർമ്മസേന, കുടുംബശ്രീ, വ്യാപാരി സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, ടാക്സി ജീവനക്കാർ തുടങ്ങി പൊതുജനങ്ങളും ഈ പദ്ധതിയുടെ ഭാഗമാവണം. പദ്ധതി പ്രവർത്തനങ്ങളുടെ ഏകോപനം ഓരോ തദ്ദേശ സ്ഥാപനവും ഏറ്റെടുക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പൊതുശൗചാലയങ്ങൾ ഉറപ്പുവരുത്തുന്നതിനായി ടേക്ക് എ ബ്രേക്ക് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ടൗണുകളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും അവ കുന്നുകൂടിക്കിടക്കുന്ന പ്രവണതകളും ഇല്ലാതാകണം. രാത്രിയിലും അതിരാവിലെയും മറ്റും മാലിന്യം നിക്ഷേപിക്കുന്ന പ്രവണത തടയുന്നതിന് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. അനധികൃത ബാനറുകൾ, ബോർഡുകൾ, കമാനങ്ങൾ, ഉപയോഗ ശൂന്യമായ വൈദ്യുത തൂണുകൾ, അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ തുടങ്ങിയവയെല്ലാം നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഇതിന് മേൽനോട്ടം വഹിക്കണം. പദ്ധതിയുടെ ഭാഗമായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് അനുസരിച്ച് ബീക്കൺ ഗ്രേഡുകൾ നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ നാൽപ്പത് തദ്ദേശസ്ഥാപനങ്ങൾ ബീക്കൺ ടൗൺ സംബന്ധിച്ച ആദ്യഘട്ട സർവെ ഇതിനകം പൂർത്തിയാക്കിയതായി യോഗം വിലയിരുത്തി. ബാക്കിയുള്ള സ്ഥാപനങ്ങൾ ഉടൻതന്നെ സർവെ നടപടികൾ പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം.ധനീഷ്, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
.jpg)

