ബാവുക്കാട്ട് പാർവ്വതിയമ്മ സ്മാരക അഞ്ചാമത് പുരസ്ക്കാരം പാലിയേറ്റീവ് വളണ്ടിയർ ഡയ്നി തോമസിന്
പട്ടുവം ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും, തളിപ്പറമ്പ നഗരസഭ പരിധിയിലെ ചില ഭാഗങ്ങളിലും സാന്ത്വന പരിചരണ രംഗത്ത് സേവന സന്നദ്ധതയോടെ പ്രവർത്തിച്ചുവരുന്ന തളിപ്പറമ്പ പട്ടുവം സ്വദേശിനിയായ ഡയ്നി തോമസ് പട്ടുവം ദീന സേവന സഭയിലെ ഈശോദാദ സിസ്റ്ററുടെ പ്രേരണയാൽ ഈ രംഗത്ത് എത്തി.
തളിപ്പറമ്പ : ബാവുക്കാട്ട് പാർവ്വതിയമ്മയുടെ സ്മരണക്കായി ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്ക്കാരത്തിന് പാലിയേറ്റീവ് വളണ്ടിയർ പട്ടുവത്തെ ഡയ്നി തോമസ് അർഹയായി. സാന്ത്വന പരിചരണ രംഗത്ത് നിരവധി വർഷങ്ങളായി നടത്തി വരുന്ന സേവന പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്ക്കാരത്തിന് ഡയ്നി തോമസിനെ തെരഞ്ഞെടുത്തതെന്ന് പുരസ്ക്കാര നിർണ്ണയ സമിതി അറിയിച്ചു.
ബാവുക്കാട്ട് ഗോവിന്ദൻ, ഗിരീഷ് പൂക്കോത്ത്, മഞ്ജുനാഥ് എം.ജി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്ക്കാരം 2026 ഒക്ടോബർ 4 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പൂക്കോത്ത് തെരു തളിപ്പറമ്പ യു .പി .സ്കൂളിൽ ( കൊട്ടാരം ) നടക്കുന്ന ചടങ്ങിൽ തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ സമർപ്പിക്കും. കെ.ബിജുമോൻ അധ്യക്ഷത വഹിക്കും. ഗിരീഷ് പൂക്കോത്ത് വിശിഷ്ടാതിഥിക്കളെ പരിചയപ്പെടുത്തും.
തളിപ്പറമ്പ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ, തളിപ്പറമ്പ നഗരസഭ കൗൺസിലർമാരായ രൂപേഷ് കുട്ടുവൻ, വി.രാഘവൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. പാലിയേറ്റീവ് രംഗത്തെ വിവിധ സംഘടനകൾക്കുള്ള സാമ്പത്തിക സഹായം ബാവുക്കാട്ട് ഗോവിന്ദൻ നൽകും. ബാവുക്കാട്ട് ഗോവിന്ദൻ, ഗിരീഷ് പൂക്കോത്ത് , മഞ്ജുനാഥ് എം.ജി, കെ.പി. സുരേഷ് കുമാർ, ബാവുക്കാട്ട് രമേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സാന്ത്വന പരിചരണ രംഗത്ത് ഒരു പതിറ്റാണ്ടിലധികമായുള്ള നിസ്വാർത്ഥ സേവനവുമായി ഡയ്നി തോമസ്
പട്ടുവം ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും, തളിപ്പറമ്പ നഗരസഭ പരിധിയിലെ ചില ഭാഗങ്ങളിലും സാന്ത്വന പരിചരണ രംഗത്ത് സേവന സന്നദ്ധതയോടെ പ്രവർത്തിച്ചുവരുന്ന തളിപ്പറമ്പ പട്ടുവം സ്വദേശിനിയായ ഡയ്നി തോമസ് പട്ടുവം ദീന സേവന സഭയിലെ ഈശോദാദ സിസ്റ്ററുടെ പ്രേരണയാൽ ഈ രംഗത്ത് എത്തി.
ആദ്യകാലങ്ങളിൽ കാൽ നടയായി സഞ്ചരിച്ച് കുഷ്ഠരോഗികൾ, മാനസിക രോഗത്തിന് അടിമപ്പെട്ടവർ,അർബുദം ബാധിച്ചവർ,വൃക്ക രോഗികൾ, തളർവാതം പിടിപെട്ട് കിടപ്പിലായവർ,ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾ എന്നിവരെ പരിചരിക്കുന്നതിൽ വ്യാപൃതയായി. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ കൂട്ടി വിനോദ യാത്രകൾ സംഘടിപ്പിച്ച് അവർക്ക് മാനസീകോല്ലാസം പകർന്നു.
പട്ടുവം ദീന സേവന സഭ കോൺവെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന നന്മ പാലിയേറ്റീവ് കെയർ യൂനിറ്റ് വളണ്ടിയറാണ് ഡെയ്‌നി തോമസ്. ഭർത്താവ് പട്ടുവം വെള്ളിക്കീൽ റോഡ് ജങ്ങ്ഷനിൽ വടക്കേടത്ത് വീട്ടിൽ റിട്ട. ലേബർ കമ്മീഷണർ വി.ജെ. തോമസും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ ഇവരോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും തളർവാതം പിടിപ്പെട്ട് അദ്ദേഹം കിടപ്പിലായ ശേഷം ഭർത്താവിനെ പരിചരിക്കുന്നതോടൊപ്പം പാലിയേറ്റീവ് പ്രവർത്തനവും ഡയ്നി തോമസ് തുടർന്നുകൊണ്ടിരിക്കുന്നു.
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പാലിയേറ്റീവ് രംഗത്ത് ഇപ്പോഴും കർമ്മനിരതയായി പ്രവർത്തിക്കുന്ന ഡെയ്‌നി തോമസ് രോഗികൾ നൽകുന്ന അനുഗ്രഹമാണ് ഏറ്റവും വലിയ പ്രതിഫലം എന്നു വിശ്വസിക്കുന്നയാളാണ്. മക്കളായ ജോജോ, ജോജി, ജിജി എന്നിവർ എല്ലാവിധ പിന്തുണയുമായി അവർക്കൊപ്പമുണ്ട്. സാന്ത്വന പരിചരണ രംഗത്തെ നിസ്വാർത്ഥ സേവനത്തിന് ബാവുക്കാട്ട് പാർവ്വതി അമ്മയുടെ പേരിലുള്ള അഞ്ചാമത് പുരസ്കാരം ശ്രീമതി. ഡയ്നി തോമസിന് നൽകി ആദരിക്കുന്നു.
.jpg)

