തളിപ്പറമ്പ ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാല ഗ്രന്ഥാലയം ; വാർഷികാഘോഷ സമാപന പരിപാടികൾ വെള്ളിയാഴ്‌ച ആരംഭിക്കും


തളിപ്പറമ്പ : ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാല ഗ്രന്ഥാലയം 62ാം വാർഷികാഘോഷ സമാപന പരിപാടികൾ വെള്ളിയാഴ്‌ച തുടങ്ങും.
ആറുമാസം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം വൈകിട്ട് 6.30ന് കവിയും പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ലാ പ്രസിഡന്റുമായ സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ ടി സോമരാജൻ അധ്യക്ഷത വഹിക്കും . സിപിഐ എം ബക്കളം ലോക്കൽ സെക്രട്ടറി പാച്ചേനി വിനോദ്, ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലർ രാജേഷ് കൊവ്വൽ എന്നിവർ സംസാരിക്കും. അങ്കണവാടി കുട്ടികളുടെ നൃത്തസന്ധ്യ, പയ്യന്നൂർ ഹാർട്ട് ബീറ്റ്‌സ് ഓർക്കസ്‌ട്രയുടെ മ്യൂസിക്കൽ നൈറ്റ് എന്നിവ അരങ്ങേറും.

ശനിയാഴ്‌ച വൈകിട്ട് 6.30ന് സാംസ്‌കാരിക സായാഹ്നം നടി രജിത മധു ഉദ്‌ഘാടനം ചെയ്യും. തുടർന്ന് വായനശാല വിവിധവേദികളുടെ നൃത്തരാവ്. ഞായറാഴ്‌ച വൈകിട്ട് ഏഴിന് ലഹരി വിമുക്ത ഗ്രാമം എന്ന ലക്ഷ്യത്തോടെ വായനയെ പ്രോത്സാഹിപ്പിക്കാൻ ലൈബ്രറി പുസ്‌തകങ്ങളും കണികാഴ്‌ചകളുമായി പുസ്‌തകക്കണി ഒരുക്കും.
കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ദാമോദരൻ ഉദ്‌ഘാടനം ചെയ്യും. കണികാണാൻ എത്തുന്നവർക്ക് വിഷുകൈ നീട്ടവും മധുരപലഹാരവും നൽകും. വാർഷികാഘോഷത്തിന്റെ ഭാഗമായി കൃഷിചെയ്‌ത നെല്ലിന്റെ അരി ഉപയോഗിച്ച് തയ്യാറാക്കിയ പായസവും വിതരണം ചെയ്യും. വാർഷികത്തോടനുബന്ധിച്ച് ആദ്യകാലകൈത്തറി തൊഴിലാളികളുടെ സംഗമം, കർഷക സംഗമം, കൃഷി ക്ലാസ് എന്നിവ നടത്തിയിരുന്നു.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ടി സോമരാജൻ, ജനറൽ കൺവീനർ ഡോ. പി വി രവീന്ദ്രൻ, എ വി പ്രേമൻ, കെ വി പ്രേമരാജൻ, പി ഉണ്ണികൃഷ്‌ണൻ, എം വി രാജേഷ് എന്നിവർ പങ്കെടുത്തു.