അഭിഭാഷക വേഷം ഉപയോഗിച്ച് പോസ്റ്റർ പ്രചരണം നടത്തി ; അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Poster campaigning using lawyer's attire; Complaint filed with Election Commission against UDF candidate from Azhikode constituency

കണ്ണൂർ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിഭാഷക വേഷം ധരിച്ച് പ്രചാരണ പോസ്റ്ററുകൾ പുറത്തിറക്കിയയെന്ന് അഴീക്കോട് മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി സ്ഥാനാർത്ഥിക്കെതിരെ  പരാതി. കണ്ണൂർ ബാർ അസോസിയേഷൻ അംഗവും അഭിഭാഷകനുമായ കെ.വിസുനിതാണ് ബാർ കൗൺസിൽ ഓഫ് കേരളക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്.കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റിനും പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ കരീം ചേലേരി, “സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദമുയർത്തുന്ന അഭിഭാഷകൻ” എന്ന മുദ്രാവാക്യത്തോടുകൂടി അഭിഭാഷക വേഷമായ നെക്‌ബാൻഡ്, കോട്ട്, ഗൗൺ എന്നിവ ധരിച്ചുള്ള ചിത്രങ്ങളോടുകൂടി തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി അടിച്ച് പ്രദർശിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മണ്ഡലത്തിലെ വിവിധ പ്രധാന സ്ഥലങ്ങളിലായി ഈ പോസ്റ്ററുകൾ പതിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

ഇത്തരത്തിലുള്ള പ്രചരണം അഭിഭാഷക തൊഴിൽമാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്നാണ് പരാതിക്കാരന്റെ ആരോപണം. അഭിഭാഷകർക്ക് സ്വന്തം തൊഴിൽ പ്രചരിപ്പിക്കുന്ന രീതിയിൽ പരസ്യം ചെയ്യാൻ പാടില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അഭിഭാഷക വേഷം ധരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം സമൂഹത്തിൽ സൃഷ്ടിക്കുന്നതാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇതു കൂടാതെ, കോടതികളിൽ സ്ഥിരമായി ഹാജരാകാത്ത ഒരാൾ തെരഞ്ഞെടുപ്പ് സമയത്ത് അഭിഭാഷകൻ എന്ന നിലയിൽ സ്വയം പ്രചരിപ്പിക്കുന്നത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണെന്നും പരാതിയിൽ പറയുന്നു. അഭിഭാഷക വേഷം ഉപയോഗിക്കുന്നത് വഴി വിശ്വാസ്യതയും സാമൂഹിക പ്രതിച്ഛായയും നേടാനുള്ള ശ്രമമാണിതെന്നും പരാതിക്കാരൻ ആരോപിച്ചു.ഇതു തെര ഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിരുദ്ധമായിരിക്കാമെന്ന നിലപാടും പരാതിയിൽ ഉയർത്തുന്നുണ്ട്. നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് ഭീഷണിയാകാമെന്നാണ് പരാതിയുടെ ഉള്ളടക്കം.

ഈ സാഹചര്യത്തിൽ, വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ബന്ധപ്പെട്ട പോസ്റ്ററുകൾ നീക്കം ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിക്കാരൻ ആവശ്യപ്പെട്ടു. കൂടാതെ, അഭിഭാഷക നിയമചട്ടങ്ങൾ ലംഘിച്ചതിന് കരീം ചേലേരിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ബാർ കൗൺസിലിനോട് പരതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.നിയമവ്യവസ്ഥയുടെ ഗൗരവവും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധിയും സംരക്ഷിക്കുന്നതിനായാണ് ഈ പരാതി നൽകിയതെന്ന് അഡ്വ : കെ വി സുനിത് വ്യക്തമാക്കി

Tags