12 പേര്‍ വേണ്ടിടത്ത് നാല് ജീവനക്കാര്‍ മാത്രം; അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസ് ഭരണം സ്തംഭിച്ചു

Ayyankunnu Panchayat Office is not staffed
Ayyankunnu Panchayat Office is not staffed

നാലു വര്‍ഷത്തിനിടയില്‍ മൂന്ന് സെക്രട്ടരിമാര്‍ വന്നെങ്കിലും മറ്റ് ജില്ലകളില്‍ നിന്നും എത്തുന്നവര്‍ ദീര്‍ഘകാലത്തേക്ക് അവധിയില്‍ പോകുന്നതും അതിന് പിന്നാലെ സ്ഥലം മാറി പോകുന്നതും ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിക്കുകയാണ്.

ഇരിട്ടി: ഇരിട്ടി താലൂക്കിലെ പ്രധാന മലയോര പഞ്ചായത്തായ അയ്യന്‍കുന്നിന്റെ ഓഫീസ് ഭരണം പാടേ സ്തംഭിച്ച നിലയില്‍. 12 ജീവനക്കാര്‍ വേണ്ടിടത്ത് ഇപ്പോള്‍ ഉള്ളത് നാല് പേര്‍ മാത്രം. ഓഫീസില്‍ ഉണ്ടായിരുന്ന മറ്റ് എട്ടുപേരെയും വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ട് മാസങ്ങളായെങ്കിലും സര്‍ക്കാര്‍ പകരം നിയമനം നടത്താതെ പഞ്ചായത്തിനോട് തീരെ അവഗണന കാണിക്കുകയാണെന്നാണ് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും ആരോപിക്കുന്നത്.

നേരത്തേ മാസങ്ങളോളം പഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടന്നപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ നിയമനം നടന്നെങ്കിലും സെക്രട്ടറി മെഡിക്കല്‍ അവധിയില്‍ പോയതോടെ ആ കസേരയും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എന്നാല്‍ അസിസ്റ്റന്റ് സെക്രട്ടറി ഉണ്ടെങ്കിലും പകരം ചുമതല അദ്ദേഹത്തിന്  നല്‍കിയിട്ടുമില്ല. 

ആറളവും, പായവും ഇതിനോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകളാണെങ്കിലും ഇവിടുത്തെ സെക്രട്ടരിമാര്‍ക്ക് പകരം ചുമതല നല്‍കാതെ കിലോമീറ്ററുകളോളം അകലെയുള്ള പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് ചുമതല നല്‍കിയിരിക്കുന്നതെങ്കിലും  അദ്ദേഹം ഇതുവരെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായിട്ടുമില്ല. നികുതി പരിവും വാര്‍ഡ് വിഭജന കാര്യമൊക്കെ നടക്കുമ്പോള്‍ പടിയൂരിലെ സെക്രട്ടറിക്ക് ഈ രണ്ട് പഞ്ചായത്തിന്റെയും ചുമതല വഹിക്കുക എന്നത്  ഏറെ പ്രയാസകാര്യവുമാണ്. 

Ayyankunnu Panchayat Office is not staffed

നാലു വര്‍ഷത്തിനിടയില്‍ മൂന്ന് സെക്രട്ടരിമാര്‍ വന്നെങ്കിലും മറ്റ് ജില്ലകളില്‍ നിന്നും എത്തുന്നവര്‍ ദീര്‍ഘകാലത്തേക്ക് അവധിയില്‍ പോകുന്നതും അതിന് പിന്നാലെ സ്ഥലം മാറി പോകുന്നതും ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിക്കുകയാണ്.അവധിക്ക് പോയ സെക്രട്ടറിക്ക് പുറമെ മൂന്ന് സീനിയര്‍ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ്, ഹെഡ്ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നിവയില്‍ ഒന്ന് വീതവും അടക്കം 8 പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ കസേരകളാണ് പഞ്ചായത്തില്‍ ഒഴിഞ്ഞു കിടക്കുന്നത്. 

കൂടാതെ സമരത്തിലായതിനാല്‍ വി ഇ ഒ തസ്തികയിലുള്ള രണ്ട് പേരും ഇപ്പോള്‍ ഓഫീസില്‍ എത്തുന്നില്ല. ഒരു അസിസ്റ്റന്റ് സെക്രട്ടറിയും മൂന്ന് എല്‍ ഡി ക്ലാര്‍ക്കുമാരും ചേര്‍ന്നാണ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയില്‍ ഇപ്പോള്‍ ഓഫീസിന്റെ പ്രവര്‍ത്തനം മുന്നോട്ട്‌കൊണ്ടുപോകുന്നത്. വിവിധ ആവശ്യങ്ങളുമായി എത്തുന്നവരോട് പിന്നെ വരാന്‍ പറയേണ്ട അവസ്ഥയിലാണ് ഓഫീസിലുള്ളവര്‍. 

ജീവനക്കാരുടെ കുറവ് മൂലം ജില്ലയിലെത്തന്നെ വിസ്തൃതമായ പഞ്ചായത്തില്‍ ഒന്നായ ഈ പഞ്ചായത്തിലെ പദ്ധതി നിര്‍വ്വഹണമടക്കം  ആകെ താളം തെറ്റിയ അവസ്ഥയിലാണ്. ഭവനരഹിതര്‍ക്ക് വീടുവെച്ചു നല്‍കുന്ന പദ്ധതിയായ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് യഥാസമയം പണം ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകളും ഓഫീസില്‍ കെട്ടിക്കിടക്കുകയാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളിന്‍  ഒന്നടങ്കം പറയുന്നത്.

Tags