ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ നിയമസഭാ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
തലശേരി : പുതുതായി ചുമതലയേറ്റ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തിൻ്റെ കേരള സന്ദർശനത്തിൻ്റെ ഭാഗമായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറുമായി കൂടിക്കാഴ്ച നടത്തി.തലശ്ശേരിയിൽ വെച്ച് നടന്ന ചർച്ചയിൽ വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ കേരളവുമായി കൂടുതൽ സഹകരിക്കാൻ ഓസ്‌ട്രേലിയ തയ്യാറാണെന്ന് സിലൈ സാക്കി സ്പീക്കറെ അറിയിച്ചു.
പ്രധാനമായും ആരോഗ്യ മേഖലയിലെ തൊഴിൽ സാധ്യതകൾ ചർച്ചാവിഷയമായി. തലശ്ശേരി മലബാർ കാൻസർ സെൻ്ററിന് (MCC) കീഴിലുള്ള നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് പഠനശേഷം ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നതിനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് കോൺസൽ ജനറൽ ഉറപ്പുനൽകി. കേരളത്തിലെ നഴ്സിംഗ് ഉദ്യോഗാർത്ഥികളുടെ മികവ് പരിഗണിച്ച് അവരെ ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. കേരളവും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനും ഈ കൂടിക്കാഴ്ച്ച വഴിയൊരുക്കിയെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.സീനിയർ അഡ്വൈസർ ജാനകി ശ്രീരാം, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ. അർജുൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
.jpg)


