കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്
കണ്ണൂർ: കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ ക്രൂരമായ ആക്രമണം. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപത്തുവെച്ച് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇരുപത്തഞ്ചോളം വരുന്ന സംഘം അതുലിനെയും സംഘത്തെയും വളഞ്ഞിട്ട് ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഉൾപ്പെടെ ശരീരത്തിലുടനീളം ഗുരുതരമായി പരിക്കേറ്റ അതുലിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം നേതാക്കൾക്കുള്ള പോലീസ് സുരക്ഷാക്രമീകരണങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം എം.സി. അതുൽ ആഭ്യന്തര മന്ത്രാലയത്തിനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്ന വിഷയം ഉൾപ്പടെ ചോദ്യം ചെയ്തായിരുന്നു അക്രമം.

സംഭവ സമയത്ത് അതുലിനൊപ്പമുണ്ടായിരുന്ന കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റ് സൂര്യ തേജ്, വൈസ് പ്രസിഡന്റ് ഗോകുൽ രാജ്, കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് ടോം എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
ഡിവൈ.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് കമ്പി വടിയും കല്ലും ഉൾപ്പടെയുള്ള ആയുധം ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന കൂടെയുണ്ടായവർ പറഞ്ഞു.
.jpg)

