അഷറഫ് പൂക്കോമും പ്രസീത അഴീക്കോടും തൃണമൂൽ കോൺഗ്രസിൽ ചേർന്നു

Ashraf Pookom and Praseetha Azhik joined Trinamool Congress
Ashraf Pookom and Praseetha Azhik joined Trinamool Congress

തലശേരി: കഴിഞ്ഞ ദിവസം  മഞ്ചേരി പി വി ആർ മെട്രോ വില്ലേജിൽ നടന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രഥമ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ  കണ്ണൂരിൽ നിന്നും പങ്കെടുത്തത്  മുപ്പതോളം പേർ. ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ്,അഴീക്കോട് കണ്ണൂർ, ഇരിക്കൂർ, കൂത്തുപറമ്പ് അടക്കമുള്ള നിയോജക മണ്ഡലത്തിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.
ഗോത്ര മഹാസഭ സംസ്ഥാന പ്രസിഡണ്ടായിരുന്ന പ്രസീത അഴീക്കോട്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ മേലെ പൂക്കോം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന  അഷറഫ് പൂക്കോം  എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂരിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തത്.

ആദിവാസി, പട്ടികജാതി-  പട്ടിക വർഗ വിഭാഗങ്ങളെ സംഘടിപ്പിച്ചു കൊണ്ട് രാഷ്ട്രീയം മുന്നേറ്റം നടത്തിയ പ്രസീത അഴീക്കോട് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ബിജെപി സംസ്ഥാന പ്രസിഡണ്ട്  കെ സുരേന്ദ്രൻ , സി കെ ജാനൂവിന് കോഴ കൊടുത്തുവെന്ന ആരോപണവുമായി രംഗത്തെത്തിയ പ്രസീത അഴിക്കോട് ഫോൺ കോളുകൾ പുറത്തുവിടുകയും അതിലൂടെ ശ്രദ്ധേയയാവുകയും ചെയ്തിരുന്നു.   പ്രസീത അഴീക്കോടിന് ആദ്യ മെമ്പർഷിപ്പ് നൽകിയാണ് ഡെറിക്ക് ഒബ്രിയാൻ എം പി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചത്.
ന്യൂനപക്ഷ അവഗണനയെന്ന് ആരോപിച്ചാണ് സിപിഎം പാനൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ മേലെ പൂക്കോം ബ്രാഞ്ച് സെക്രട്ടറി ആയ അഷ്റഫ് പൂക്കോം പാർട്ടിയിൽ നിന്നും രാജിവച്ചത്.  സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അഷ്റഫ് പൂക്കോം തന്റെ തീരുമാനം അറിയിച്ചത്.40 വർഷക്കാലത്തെ ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചുകൊണ്ട് പാർട്ടി വിടുന്നു എന്നായിരുന്നു അഷ്റഫ് പൂക്കോമിന്റെ സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ്.


 കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം, കർഷകസംഘം വില്ലേജ് ട്രഷറർ, പാനൂർ കേന്ദ്രമായി പ്രവർത്തിച്ച അഷറഫ് പ്രവാസി വെൽഫെയർ സഹകരണ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ പ്രവർത്തിച്ചുവരികയാണ്. മികച്ച ജീവകാരുണ്യ സാമൂഹിക സാംസ്കാരിക പ്രവർത്തകനായ അഷ്റഫിനു മികച്ച പൊതുപ്രവർത്തകനുള്ള കെ പി എ റഹീം സ്മാരക പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെയും ജില്ലയിൽ നിന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി തന്നെ പാർട്ടിയിൽ നിന്നും രാജി വച്ച് പി വി അൻവറിന്റെ  പാർട്ടിയിലേക്ക് ചേർന്നത്  വലിയ ചർച്ചയായി മാറിയിട്ടുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗൾഫ് മേഖലകളിൽ നിന്നും  ആയിരക്കണക്കിന് ആളുകളാണ് പി വി  അൻവറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രഥമ സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. ദേശീയ നേതാക്കളും എം പി മാരുമായ മഹുവാ മേയ്ത്ര ഡെറിക്ക് ഒബ്രിയാൻ എന്നിവരുടെ സാന്നിധ്യം പ്രവർത്തകർക്ക് ആവേശമായി.

Tags