വർണ പ്രപഞ്ചവുമായി സർവീസിൽ നിന്നും വിരമിച്ച മൂന്ന് ചിത്രകാരികൾ : എക്സോറ്ററിക ചിത്രപ്രദർശനം കണ്ണൂരിൽ

Three Artists Retire into a World of Color: 'Exoterica' Art Exhibition in Kannur

 കണ്ണൂർ : സർവീസിൽ നിന്നും വിരമിച്ച എൻ.കെ ബിന്ദു, കെ കെ ലതിക, കെ കെ ബാലാമണി എന്നിവരുടെഎക്സോറ്ററിക  ചിത്രപ്രദർശനം 18 ന്   കണ്ണൂർ മഹാത്മാ മന്ദിരത്തിലുള്ള കമ്മ്യൂൺ ദി ആർട് ഹബ്ബിൽ തുടങ്ങും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷം രചിച്ച മുപ്പതിലേറെ ചിത്രങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിന്ദു എൻ കെ കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്തുനിന്നും, കെ കെ ലതികയും, എ ബാലാമണിയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുമാണ് വിരമിച്ചത്. 

മൂന്നുപേരും ഔദ്യോഗിക ജീവിതത്തിന്റെ തിരക്ക് കാരണം പിന്നീട് വര തുടരാനായില്ല. വിരമിച്ചതിനു ശേഷം ചിത്രരചന വീണ്ടും തുടങ്ങുകയും കണ്ണൂരിൽ തന്നെ പല ഗുരുക്കന്മാരിൽ നിന്നും കൂടുതൽ പഠിക്കുകയും ചെയ്തു. അതിൽ നിന്നും കിട്ടിയ തിരിച്ചറിവാണ് ഈ പ്രദർശനത്തിന്റെ അടിസ്ഥാനം. പരസ്‌പര വിദ്വേഷങ്ങൾക്കും സാങ്കല്‌പിക കാരണങ്ങളാൽ നടക്കുന്ന അക്രമങ്ങൾക്കുമെതിരെ മനുഷ്യരുടെ നിലനില്പ്‌പിനും സന്തോഷങ്ങൾക്കും വേണ്ടി നടത്തുന്ന പ്രതിരോധമാണ് കലയും സാഹിത്യവുമെന്ന് എല്ലാവരും തിരിച്ചറിയുന്ന കാലം എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് എക്സ‌ിബിഷനിലൂടെ മുന്നോട്ടു വയ്ക്കുന്നത്.

ജലച്ചായത്തിലാണ് പ്രാഥമിക പഠനം നടത്തിയതെങ്കിലും,  പ്രദർ ശിപ്പിക്കുന്ന ചിത്രങ്ങളെല്ലാം അക്രിലിക് കളർ ഉപയോഗിച്ച് ക്യാൻവാസിൽ രചിച്ചതാണ്. പ്രകൃതിയെ വിഷയമാക്കി, മരങ്ങളും, പുഴകളും, മനുഷ്യരും, നിത്യ ജീവിതത്തിൽ കണ്ട കാഴ്‌ചകളുമൊക്കെയാണ് ചിത്രങ്ങളിലെ മുഖ്യ ആവിഷ്കാരങ്ങൾ. ഇവരുടെ ആദ്യ പ്രദർശനമാണിത്.

 18 ന് വൈകുന്നേരം 4 മണിക്ക് പ്രശസ്‌ത ചിത്രകാരനും, കലാസാംസ്‌കാരിക പ്രവർത്തകനും, ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയുമായ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്യും എഴുത്തുകാരിയും വനിതാ സാഹിതി സംസ്‌ഥാന പ്രസിഡൻ്റുമായ വി.എസ്.ബിന്ദു, വനിതാസാഹിതി സംസ്‌ഥാന സെക്രട്ടറി രവിത ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും.സെപ്റ്റംബർ 18 നു തുടങ്ങുന്ന പ്രദർശനം 21 നു അവസാനിക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 7.00 മണിവരെയാണ് ഗാലറി സമയം. വാർത്താ സമ്മേളനത്തിൽ എൻ കെ ബിന്ദു, കെ കെ ലതിക, എ . ബാലാമണി എന്നിവർ പങ്കെടുത്തു.

Tags