മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ സംസ്ഥാന കലോത്സവം സർഗോത്സവത്തിന് ഞായറാഴ്ച കണ്ണൂരിൽ തിരി തെളിയും
കണ്ണൂർ :പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെ സംസ്ഥാനതല കലാമേള 'സർഗോത്സവം 2025' ഡിസംബർ 28 മുതൽ 30 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുമെന്ന് ഐ ടി ഡി പി പ്രൊജക്റ്റ് ഓഫീസർ ആർ രാജേഷ്‌കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 28 ന് വൈകീട്ട് അഞ്ചു മണിക്ക് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലക്ടറേറ്റ് മൈതാനിയിലെ പ്രധാന വേദിയായ ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്യും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനാകും. ജില്ലയിലെ എം എൽ എമാർ, എം പിമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിക്കും.
tRootC1469263">സമാപന സമ്മേളനം ഡിസംബർ 30ന് വൈകീട്ട് നാല് മണിക്ക് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനാകും.പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500 ലധികം വിദ്യാർഥികൾ കലാമേളയിൽ പങ്കെടുക്കും. കലക്ടറേറ്റ് ഗ്രൗണ്ട്, മുനിസിപ്പൽ ഹൈസ്‌കൂൾ, മഹാത്മാ മന്ദിരം എന്നിവിടങ്ങളിൽ നാല് വേദികളിലായാണ് മത്സരം. പട്ടികവർഗ സമൂഹത്തിലെ പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും ഈ കലാമേളയുടെ പ്രത്യേകതയാണ്.
ലളിതഗാനം, പ്രസംഗ മത്സരം, ഉപന്യാസം, നാടോടി നൃത്തം, കവിതാപാരായണം, ജലച്ചായം, പെൻസിൽ ഡ്രോയിംഗ്, സംഘനൃത്തം, സംഘഗാനം, മോണോആക്ട്, മിമിക്രി, കഥാരചന, കവിതാരചന എന്നിങ്ങനെ 31 മത്സര ഇനങ്ങളാണുള്ളത്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിലുള്ള കലാമേളയിൽ വിജയികളാകുന്നവർക്ക് ബോർഡ് പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. 2013 മുതലാണ് കലാമേള സംഘടിപ്പിച്ചു തുടങ്ങിയത്. പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പട്ടികവർഗ വികസന വകുപ്പ് സീനിയർ സൂപ്രണ്ട് എസ് ഷിനു എന്നിവർ പങ്കെടുത്തു.
.jpg)


