കണ്ണൂര്‍-ബെംഗളൂരു എക്‌സ്പ്രസ് ട്രെയിനില്‍ 42 മൊബൈല്‍ ഫോണുകളും 11 സിമ്മുകളുമായി യുവാവ് അറസ്റ്റില്‍ ; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയെന്ന് സംശയം

Youth arrested with 42 mobile phones and 11 SIM cards on Kannur-Bengaluru Express train; suspected to be a link in online fraud gang
Youth arrested with 42 mobile phones and 11 SIM cards on Kannur-Bengaluru Express train; suspected to be a link in online fraud gang

കൈയിലുണ്ടായിരുന്ന ട്രോളിബാഗ് പരിശോധിച്ചപ്പോഴാണ് വസ്ത്രത്തിനടിയിലായി ഒളിപ്പിച്ച 42 മൊബൈല്‍ഫോണ്‍, രണ്ട് ലാപ്‌ടോപ്പ്, 11 സിം കാര്‍ഡുകള്‍, ഏഴ് ചാര്‍ജറുകള്‍, നാല് എക്സ്റ്റന്‍ഷന്‍ വയറുകള്‍ എന്നിവ കണ്ടെടുത്തത്. പോലീസ് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

കണ്ണൂര്‍ : കണ്ണൂര്‍-ബെംഗളൂരു എക്‌സ്പ്രസ് ട്രെയിനില്‍ പരിശോധനയ്ക്കിടെ 42 മൊബൈല്‍ ഫോണുകളും 11 സിമ്മുകളുമായി യുവാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മണ്ഡവല്ലി സ്വദേശി സത്യരാജ് വെട്ടുക്കുറിയെ (25) ആണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണെന്നാണ് കരുതുന്നത്. ഫോണിലെ സിം കാര്‍ഡ് ഉടമകളുടെ മേല്‍വിലാസവും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫോണുകളിലുണ്ടായിരുന്നു.

കണ്ണൂര്‍-ബെംഗളൂരു എക്‌സ്പ്രസില്‍ ചൊവ്വാഴ്ച രാത്രി 10.55-ന് പരിശോധന നടത്തുന്നതിനിടെ ബി-മൂന്ന് കോച്ചില്‍ രണ്ട് ബാഗുകളുമായി യാത്രചെയ്യുകയായിരുന്നു സത്യരാജ്. പോലീസിനെ കണ്ടതോടെ യുവാവ് പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു.

കൈയിലുണ്ടായിരുന്ന ട്രോളിബാഗ് പരിശോധിച്ചപ്പോഴാണ് വസ്ത്രത്തിനടിയിലായി ഒളിപ്പിച്ച 42 മൊബൈല്‍ഫോണ്‍, രണ്ട് ലാപ്‌ടോപ്പ്, 11 സിം കാര്‍ഡുകള്‍, ഏഴ് ചാര്‍ജറുകള്‍, നാല് എക്സ്റ്റന്‍ഷന്‍ വയറുകള്‍ എന്നിവ കണ്ടെടുത്തത്. പോലീസ് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് കസ്റ്റഡിലെടുക്കുകയായിരുന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് സിം കാര്‍ഡ് ഉടമകളുടെ മേല്‍വിലാസങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പടെ വിവരങ്ങള്‍ അതിലുള്ളതായി വ്യക്തമായത്. റെയില്‍വേ പോലീസ് സൂപ്രണ്ട് ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹരന്‍, എസ്എച്ച്ഒ പി. വിജേഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ്. സംഗീത്, സത്യന്‍, ജോസ്, അഖിലേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags