വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ


കാസർഗോഡ് : വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. അംഗഡിമൊഗർ ബാഡൂർ സ്വദേശി ഫർസീൻ അഹമ്മദിനെയാണ് കുമ്പള പോലിസ് അറസ്റ്റ് ചെയ്തത്. കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റയാൾക്കൊപ്പം ആശുപത്രിയിലെത്തിയ ഫർസീൻ പരുക്കേറ്റ കാരണം ചോദിച്ചതോടെ പരിശോധിച്ച വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
ആശുപത്രി സംരക്ഷണ നിയമപ്രകാരം രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്.ഡോക്ടറെ തടഞ്ഞു നിർത്തി ലൈംഗിക ചുവയോടെ സംസാരിച്ച് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
കുമ്പള എസ് എച്ച് ഒ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസർകോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
