ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പാലം പണി പൂര്‍ത്തിയായില്ല ,ദുരിതം പേറി ആറളം തോട്ടുകടവ് നിവാസികള്‍

Even after a year and a half, the bridge construction is not completed, residents of Aralam Thottukadavu are in distress

ഇരിട്ടി: നിര്‍മ്മാണം തുടങ്ങി ഒന്നര വര്‍ഷം  പിന്നിട്ടിട്ടും വെറും പത്തര മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കേണ്ട പാലം പണി പൂര്‍ത്തിയായില്ല. ഇതുമൂലം അക്കരെയിക്കരെ കടക്കാനാവാതെ ദുരിതം പേറുകയാണ് തൊട്ടുകടവ് നിവാസികള്‍.  ഏറെ അപകടാവസ്ഥയിലായ പാലം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പൊളിക്കുകയും ഏപ്രിലില്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തു. ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞു നീങ്ങിയ പാലം പണി ഇപ്പോള്‍ നടുഭാഗം വാര്‍പ്പ് കഴിഞ്ഞ നിലയില്‍ നില്‍ക്കുകയാണ്. ഇപ്പോഴത്തെ നിലയില്‍ നിര്‍മ്മാണപ്രവര്‍ത്തി നടന്നാല്‍  ഇരുഭാഗത്തെയും പാലവുമായി ബന്ധിപ്പിക്കേണ്ട അപ്രോച്ച് റോഡിന്റെ പ്രവര്‍ത്തി ഒരു വര്‍ഷമെങ്കിലും കഴിയുമെന്നാണ്നാട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ രണ്ടോ മൂന്നോ തൊഴിലാളികളെ വെച്ച് നിര്‍മ്മാണ പ്രവര്‍ത്തി  ഉരുട്ടിക്കൊണ്ടു പോവുകയാണ് കരാറുകാരന്‍ ചെയ്യുന്നത്.  

ഏറെ അപകടാവസ്ഥയിലായിരുന്ന പാലം  ജില്ലാ പഞ്ചായത്തിന്റെ  1.25 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.   പത്ത് മാസംകൊണ്ട് പാലം പണി പൂര്‍ത്തിയാകുമെന്നാണ് പറഞ്ഞിരുന്നത്.  ബദല്‍ സംവിധാനം ഇല്ലാതായതോടെ  തോട്ടുകടവ്, പൂതക്കുണ്ട്, ഏച്ചില്ലം, പായം, കോണ്ടമ്പ്ര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് യാത്രദുരിതം പേറുന്നത്.  നാട്ടുകാരുടെ മുറവിളികള്‍ക്കൊടുവിലാണ് തോട്ടുകടവില്‍ പുതിയ പാലത്തിന് അനുമതി കിട്ടിയത്.  പുതിയ പാലം പ്രതീക്ഷിച്ചവര്‍ക്ക് ഇപ്പോള്‍  തീരാത ദുരിതമാണ് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ്നിര്‍മ്മാണം ഉദ്ഘാടനം ചെയ്യുകയും മഴയെത്താന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിലവിലെ പഴ പാലം പൊളിച്ചു നീക്കുകയും ചെയ്തു.  

ഉടനെ മഴക്കാലം ആരംഭിക്കുമെന്ന്  അറിയാമായിരുന്നിട്ടും  ബദല്‍ സംവിധാനങ്ങള്‍ ഒന്നും ഉണ്ടാക്കാതെയാണ്   പഴയ പാലം  പൊളിച്ചു നീക്കിയത്.  ഇതോടെ വാഹന ഗതാഗതം തോട്ടുകടവ് ,കൂട്ടക്കളം വഴി തിരിച്ചു വിട്ടു. പൂതക്കുണ്ട്, ആറളം ഭാഗങ്ങളിലുള്ളവര്‍ക്ക് മൂന്ന് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വന്നെങ്കിലും  പുതിയ പാലമെന്ന പ്രതീക്ഷയില്‍  അല്പകാലത്തേക്ക് ദുരിതം സഹിക്കാന്‍  നാട്ടുകാരും തയ്യാറായി. തിരഞ്ഞെടുപ്പു കാലത്തെ നിര്‍മ്മാണം  പിന്നീട് മന്ദഗതിയിലായി. മൂന്ന് മാസം കൊണ്ട് പാലത്തിന്റെ തൂണുകളുടെ രണ്ട് പൈലിംങ്ങ് മാത്രമാണ് പൂര്‍ത്തിയായത്. പിന്നീട് കുറെക്കാലം നിര്‍മ്മാണം പൂര്‍ണ്ണമായും സ്തംഭിച്ചു. ഇതിനിടയില്‍ കരാറുകാരന്‍  നിര്‍മ്മാണ സാമഗ്രികള്‍ കടത്തിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ തടഞ്ഞു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും പുനരാരംഭിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിച്ചത്. നിര്‍മ്മാണത്തെ ബാധിക്കുന്ന വിധത്തിലുള്ള വെള്ളമോ  ഒഴുക്കോ  തോട്ടിലില്ല.  കെ എസ്  ആര്‍ ടി സി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നിത്യവും  നൂറുകണക്കിന് വാഹനങ്ങള്‍  കടന്നുപോകുന്ന പ്രധാന റോഡിലെ പാലം പൊളിച്ചു മാറ്റുമ്പോള്‍ ഉണ്ടാകാനിടയുളള പ്രയാസം പോലും അധികൃതര്‍ കണക്കിലെടുക്കുന്നേയില്ല.

 എളുപ്പം പണി പൂര്‍ത്തിയാകുമെന്ന് കരുതി നാട്ടുകാര്‍  കാൽനടയായി അക്കരെ ഇക്കരെ കടക്കാനായി നിര്‍മ്മിച്ച താൽക്കാലിക പാലവും ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. പാലത്തിന്റെ ഇരു ഭാഗങ്ങളിലെയും  സൈഡ് ഭിത്തിയുടെ നിര്‍മ്മാണം ഉടനെ  പൂര്‍ത്തിയാക്കി കാല്‍ നടയാത്രയ്ക്കുള്ള സൗകര്യമെങ്കിലും ഒരുക്കത്തിരണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

Tags