കാട്ടാനക്കലിയിൽ ആറളം നടുങ്ങുന്നു: ഫാമിൽ തമ്പടിച്ചത് നാൽപതോളം കാട്ടാനകൾ


ഇരിട്ടി : കാട്ടാനക്കലിയിൽ ആദിവാസികളും പിന്നോക്കക്കാരും താമസിക്കുന്ന ആറളം ഫാം പുനരധിവാസ മേഖല നടുങ്ങി. നാൽപതോളം കാട്ടാനകൾ കർണ്ണാടകവനത്തിൽ നിന്നും ആറളം ഫാം പുനരധിവാസ മേഖലയിലെ കൃഷിയിടങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം നേരത്തെ ഓപ്പറേഷൻ എലഫൻ്റ് ഹണ്ടെന്ന പേരിൽ കാട്ടാനകളെ വനം വകുപ്പ് തുരത്തിയിരുന്നുവെങ്കിലും ഇവ വീണ്ടും മടങ്ങിവന്നു. ഇവയ്ക്കു മുൻപിൽ ജീവഭയത്തോടെ കഴിയുകയാണ് ഫാം ബ്ളോക്കിലെ അന്തേവാസികൾ.
കാട്ടാനകൾ ഫാമിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതോടെ മലയോരം മുഴുവൻ അ രക്ഷിതാവസ്ഥയിലാണ്. ആറളം,ഉളിക്കൽ പയ്യാവൂർ, കാഞ്ഞിരക്കൊല്ലി എന്നിവടങ്ങളിലാണ് കാട്ടാനകളുടെ സ്ഥിരം സാന്നിദ്ധ്യമുണ്ടാകുന്നത് എട്ടുവർഷത്തിനിടെ 14 പേരാണ് കാട്ടാനകളുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ ആറളം ഫാമിലെ പതിമൂന്നാം ബ്ളോക്കിലെ ആദിവാസി വയോധികരും ദമ്പതികളുമായ വെള്ളിയും ഭാര്യ ലീലയും കൊല്ലപ്പെട്ടത് അസാധാരണ സംഭവമായാണ് വിലയിരുത്തപ്പെട്ടത്. കശുവണ്ടി ശേഖരിക്കാൻ പോയപ്പോൾ അടിക്കാടിന് ഇടയിൽ ഒളിഞ്ഞു നിന്ന കൊമ്പൻ്റെ മുൻപിൽപ്പെട്ടു പോവുകയായിരുന്നു ഇവർ. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചവുട്ടിയും കുത്തിയുമാണ് ദമ്പതികളെ കൊന്നത്. മൃതദേഹം വികൃതമാക്കിയാണ് കാട്ടാനക്കലി തീർത്തതെന്നാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

കൈ ക്കാലുകൾ ഒടിഞ്ഞ നിലയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിനായി ആറളത്ത് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ വൈകിട്ട് സർവ്വകക്ഷി യോഗം ചേരും. ഇതിന് മുന്നോടിയായി കണ്ണൂർ കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ദുരന്ത നിവാരണ സമിതി യോഗവും ചേർന്നു. ആറളത്ത് ആന മതിൽ നിർമ്മാണം വൈകുന്നതും അടിക്കാടുകൾ വെട്ടി മാറ്റാത്തതുമാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാന ഇറങ്ങാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നു.