തളിപ്പറമ്പ് ഏമ്പേറ്റ് ജംഗ്ഷനിൽ ദേശീയപാത മേൽപ്പാലത്തിന് അനുമതി


കണ്ണൂർ : നിർമ്മാണം നടന്നുവരുന്ന ദേശീയപാത 66ൽ തളിപ്പറമ്പ്-പയ്യന്നൂർ സ്‌ട്രെച്ചിൽപ്പെടുന്ന ഏമ്പേറ്റ് ജങ്ഷനിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകാൻ കഴിയുന്ന മേൽപ്പാലം നിർമ്മിക്കുന്നതിന് അനുമതി നൽകി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. എംപിമാരായ ഡോ.ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽക്കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുള്ള പ്രത്യേക ഉത്തരവ് പ്രകാരം ഏമ്പേറ്റ് ജങ്ഷനിൽ മേൽപ്പാലം നിർമ്മിക്കാനുള്ള തീരുമാനം എടുത്തത്. 10 മീറ്റർ വീതിയിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകാൻ ഉതകുന്ന വിധത്തിൽ മേൽപ്പാലം നിർമ്മിക്കാനാണ് അനുമതി.
തളിപ്പറമ്പ്-പയ്യന്നൂർ സ്‌ട്രെച്ചിലെ പ്രധാന ജങ്ഷനായ ഏമ്പേറ്റിൽ ദേശീയപാത സാധാരണ ഭൂനിരപ്പിനേക്കാൾ അഞ്ചു മീറ്ററോളം താഴ്ചയിലാണ് കടന്നുപോകുന്നത്. ഇരുവശങ്ങളിലുള്ള സർവീസ് റോഡുകൾ സാധാരണ ഭൂനിരപ്പിലുമാണ്. അതിനാൽ, കാൽനടയാത്രക്കാർക്കോ സർവീസ് റോഡുകളിലൂടെ പോകുന്ന വാഹനങ്ങൾക്കോ ദേശീയപാത മുറിച്ചു കടക്കുന്നതിന് മാർഗമില്ല. മേൽപ്പാലത്തിനായി പ്രക്ഷോഭത്തിലായിരുന്ന നാട്ടുകാരുടെ ആവശ്യപ്രകാരമാണ് എംപിമാരായ ഡോ. ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ എന്നിവർ ഈ വിഷയത്തിൽ ഇടപെട്ടത്. എംപിമാർ 2024 ഡിസംബർ 12ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.

അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വാക്കാൽ ഉറപ്പും നൽകി. പിന്നീട് ഡോ.ജോൺ ബ്രിട്ടാസ് എം.പി 2025 ജനുവരി മാസത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുകയും തുടർ നിവേദനം നൽകുകയും ചെയ്തു. ഇതേതുടർന്ന്, ദേശീയപാത അതോറിറ്റി ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകി ഏമ്പേറ്റ് ജങ്ഷനിൽ മേൽപ്പാലം നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി കേരള റീജിയൺ തീരുമാനിച്ചത്. ദേശീയപാത അതോറിറ്റി കേരള റീജിയണൽ ഓഫീസിൽ നിന്നും കേന്ദ്രമന്ത്രാലയം ചീഫ് ജനറൽ മാനേജർക്ക് ഇതു സംബന്ധിച്ച് കത്തയച്ചിട്ടുമുണ്ട്.
ഏമ്പേറ്റിൽ മേൽപ്പാലവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. വി.ശിവദാസൻ എം പി ഡിസംബർ ആറിന് രാജ്യസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഫിബ്രവരി രണ്ടിന് വി. ശിവദാസൻ എം പി ഏമ്പേറ്റിലെ സമരപന്തൽ സന്ദർശിച്ച് മേൽപ്പാലം നിർമ്മിക്കുവാൻ നടപടികൾ ആരംഭിച്ചതായുള്ള വിവരം ജനങ്ങൾക്ക് മുമ്പാകെ അറിയിച്ചു.