സംസ്ഥാന തലത്തിൽ ഇരട്ട അംഗീകാരവുമായി ആന്തൂർ നഗരസഭ


പ്രതിദിനം ഒന്നര ടണ്ണോളം ജൈവമാലിന്യങ്ങളും സംസ്‌കരിക്കുന്നുണ്ട്. നഗരസഭയുടെ അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏറെ പ്രശംസ നേടി.
കണ്ണൂർ: മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തിയ ആന്തൂർ നഗരസഭക്ക് സംസ്ഥാന തലത്തിൽ ഇരട്ട അംഗീകാരം. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആന്തൂർ നഗരസഭ നടത്തിയ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ മികച്ച മാലിന്യപ്രവർത്തങ്ങൾ നടപ്പിലാക്കിയ നഗരസഭക്കുള്ള രണ്ടാം സ്ഥാനവും മികച്ച ഹരിത കർമസേനക്ക് ജില്ലയിൽ ഒന്നാം സ്ഥാനവുമാണ് ആന്തൂരിന് ലഭിച്ചതെന്ന് നഗരസഭ ചെയർമാൻ പി മുകുന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന വൃത്തി 2025 ദേശീയ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ആന്തൂർ നഗരസഭയിൽ രണ്ട്‌വർഷമായി നടന്നുവരുന്ന മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മികച്ച രീതിയിലുള്ള ഉറവിട മാലിന്യ സംസ്‌കരണ രീതിയാണ് നടപ്പിലാക്കിയത്. നഗരസഭയിൽ ഏഴ് തുമ്പൂർമൂഴി പ്ലാന്റുകളും ഒരുവിൻട്രോ കമ്പോസ്‌റ്റ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഹരിതകർമ സേനാംഗങ്ങൾ യൂസർഫീ വാങ്ങി വീടുകളിൽനിന്നും പ്ലാസ്‌റ്റിക്കുകളും അജൈവ മാലിന്യങ്ങളും ശേഖരിക്കുന്ന പ്രവർത്തനവും മികച്ച രീതിലാണ് നടക്കുന്നത്. പ്രതിമാസം 20ടൺവരെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്.

പ്രതിദിനം ഒന്നര ടണ്ണോളം ജൈവമാലിന്യങ്ങളും സംസ്‌കരിക്കുന്നുണ്ട്. നഗരസഭയുടെ അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏറെ പ്രശംസ നേടി. 56 മിനി എംസിഎഫുകളും സിസിടിവി സൗകര്യമുള്ള എംസിഎഫ്, ആർആർഎഫുകളും നഗരസഭയിലുണ്ട്. ഉറവിടത്തിൽതന്നെ ജൈവമാലിന്യങ്ങൾ സംസ്‌കാരിക്കുന്നതിന് റിങ് കമ്പോസ്‌റ്റ്, ബൊക്കാഷി ബക്കറ്റ്, ബയോഗ്യാസ് പ്ലാസ് എന്നിവ നഗസഭ വിതരണം ചെയ്‌തിട്ടുണ്ട്. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളേക്കുറിച്ച് ജനങ്ങളിലെക്ക് എത്തിക്കുന്നതിന് വിവിധ പ്രചാരണങ്ങളും മാതൃകാ കുടുംബങ്ങളെ സ്വച്ഛതാ അവാർഡും നൽകി ആദരിച്ചു.
ഹരിതകർമ സേനയുടെ ഇനോക്കുലം നിർമാണം. മാസ ചന്തകൾ, സ്വാപ്പ് ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കമ്യൂണിറ്റി ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ഇവയുടെ മോണിറ്ററിങ്, ബോധവൽക്കരണ പ്രവർത്തനങ്ങൾ, നിയമലംഘനങ്ങൾക്ക് താക്കീത്, പിഴ തുടങ്ങിയ സംവിധാനങ്ങൾ, ഭരണ സമിതിയുടെ ഇടപെടൽ, മാലിന്യത്തിന്റെ അളവ് കുറക്കാൻ ഹരിതപെരുമാറ്റ ചട്ടം, പൊതുഇടങ്ങളിലെ മാലിന്യ സംസ്‌കരണം തുടങ്ങി നിരവധി ചിട്ടയായ പ്രവർത്തനങ്ങളാണ് ആന്തൂരിനെ അംഗീകാരത്തിലെത്തിച്ചത്.
ഇതിന്റെ ഭാഗമായി മുഴുവൻ വാർഡുകളെയും ശുചിത്വ പദവയിലെത്തിച്ചു. സ്‌കൂളുകൾ, കോളേജുകൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ടൂറിസം കേന്ദ്രങ്ങൾ, ടൗണുകൾ എന്നിവിടങ്ങളിൽ സൗന്ദര്യവൽക്കരണ പ്രവർത്തങ്ങളും നടന്നുവരികയാണ്. അംഗീകാരത്തിലെത്താൻ നഗരസഭയോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും 16ന് ധർമശാല കേന്ദ്രീകരിച്ച് പൗരസ്വീകരണം നടക്കുമെന്ന് നഗരസഭ ചെയർമാൻ പി മുകുന്ദൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാനെ കൂടാതെ സ്ഥിരംസമിതി ചെയർമാന്മാരായ കെ വി പ്രേമരാജൻ, പി കെ മുഹമ്മദ് കുഞ്ഞി, എം ആമിന, ഓമന മുരളീധരൻ, കൗൺസിലർ പി കെ മുജീബ് റഹ്‌മാൻ, ടി കെ വി നാരായണൻ, സെക്രട്ടറി പി എൻ അനീഷ് എന്നിവർ പങ്കെടുത്തു.