വിമാനതാവള ഉപനഗരമായ അഞ്ചരക്കണ്ടിയിലെ ഗതാഗത സുരക്ഷയ്ക്കായി ട്രാഫിക്ക് സിഗ്നൽ ലൈറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു


അഞ്ചരക്കണ്ടി : കണ്ണൂർ വിമാനതാവള റോഡിലെ പ്രധാന ഉപനഗരങ്ങളിലൊന്നായ അഞ്ചരക്കണ്ടിയിൽ വാഹന അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ ജങ്ഷനിൽ ട്രാഫിക്ക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തലശേരി - ചാലോട് ,കണ്ണൂർ - മട്ടന്നൂർ റോഡുകൾ ചേരുന്ന സ്ഥലങ്ങളിലൊന്നാണ് അഞ്ചരക്കണ്ടി 'നേരത്തെ നിരവധി വാഹനാപകടങ്ങൾ ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ സൂചനാ ബോർഡുകളോയില്ലാത്തതിനാൽ ഇവിടെ നടന്നിട്ടുണ്ട്. പൊലിസ് വാഹനം ഉൾപ്പെടെ മറ്റു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇതിന് സമാനമായ അവസ്ഥയായിരുന്നു അഞ്ചരക്കണ്ടിക്ക് അടുത്ത പ്രദേശമായ ചാലോടും. അവിടെ ജങ്ഷനിലുണ്ടാവ വാഹനാപകടത്തിൽ വാഹന യാത്രക്കാർക്ക് ജീവൻ വരെ നഷ്ടമായിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപ് സോളാർ ട്രാഫിക്ക് സിസ്റ്റം സ്ഥാപിച്ചതോടെ ചാലോട് ജങ്ഷനിൽ അപകട കുരുക്ക് അഴിഞ്ഞിരിക്കുകയാണ്. സിഗ്നൽ ലൈറ്റ് ഇവിടെ വാഹന തിരക്കും നീണ്ട ക്യൂവുമുണ്ടാക്കുന്നതായി വ്യാപാരികൾക്ക് പരാതിയുണ്ടെങ്കിലും അപകട ഭീതി ഒഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് യാത്രക്കാർ. ചാലോടി നെക്കാൾ സ്ഥിതി ശോചനീയമാണ് അഞ്ചരകണ്ടിയിലേത്.

ഇടുങ്ങിയ റോഡും തലശേരി റോഡരികിലെ ഓട്ടോറിക്ഷ പാർക്കിങ്ങും റോഡരികിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നതും ഇതിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് വിമാനതാവളത്തിലേക്ക് പ്രതിദിനം ഇതിലൂടെ കടന്നുപോകുന്നത്.
വിമാനതാവളത്തിന് സമീപത്തെ പ്രധാന നഗരമായ അഞ്ചരക്കണ്ടിയുടെ വികസനത്തിന് സമഗ്രമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരികൾ കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.