അമ്പാടി സ്മാരക ഫോക്ക് ലോർ അവാർഡ് മാധവൻ കൊട്ടോടിക്ക്
കണ്ണൂർ : എറണാകുളം കാഞ്ഞൂർ നാട്ടുപൊലിമ നാടൻപാട്ടുപുരയുടെ പതിമൂന്നാമത് അമ്പാടി സ്മാരക ഫോക് ലോർ അവാർഡിനായി മംഗലം കളിപ്പാട്ട് മേഖലയിലും തനത് നാടൻപാട്ട് രംഗത്തും ശ്രദ്ധേയനായ പ്രശസ്ത കലാകാരൻ മാധവൻ കൊട്ടോടിയെ തെരഞ്ഞെടുത്തു. പാരമ്പര്യ കലാമേഖലയിൽ പ്രവർത്തിക്കുന്ന യുവ കലാപ്രവർത്തകർക്ക് കാഞ്ഞൂർ നാട്ടുപൊലിമ തുടർച്ചയായി നൽകി വരുന്ന ബഹുമതിയാണ് അമ്പാടി സ്മാരക ഫോക് ലോർ അവാർഡ്. ആഗസ്ത് മാസം കാഞ്ഞൂർ നാട്ടുപൊലിമയുടെ 23 മത് വാർഷികാഘോഷം തിമിർപ്പ് വേദിയിൽ വച്ച് അവാർഡ് സമ്മാനിക്കും.
കാസർഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമപഞ്ചായത്തിലെ കൊട്ടോടിയിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച മാധവൻ്റെ
കുട്ടിക്കാലം മുതൽ കൃഷിയും പാട്ടും ജീവിതത്തോടൊപ്പം ഇഴചേർന്ന് നിൽക്കുന്നു. നാടൻ പാട്ട് കലാരംഗത്ത് കഴിഞ്ഞ 20 വർഷത്തിലധികം പ്രവർത്തിച്ചുവരുന്നു.
കലാഭവൻ മണി അനുസ്മരണാർത്ഥം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് നടത്തിവരുന്ന മണിനാദം എന്ന നാടൻപാട്ട് മത്സരത്തിൽ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി നിരവധി തവണ സംസ്ഥാനത്ത് ഒന്നും രണ്ടും സ്ഥാനം നേടിയെടുത്തു. സംസ്ഥാന കേരളോത്സവങ്ങളിലും നിരവധി തവണ നാടൻപാട്ടിൽ സമ്മാനങ്ങൾ നേടി.
2024ൽ കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഓടപ്പഴം പുരസ്കാരം ജേതാവും കൂടിയാണ്.
വയനാടിൽ വച്ച് നടന്ന കാസർകോട് ജില്ലയുടെ സ്വന്തം നാട്ടുവാദ്യ ഉപകരണമായ ''തുടി"എന്ന നാട്ടുവാദ്യത്തിലൂടെ ബെസ്റ്റോഫ് ഇന്ത്യ വേൾഡ് റെക്കോർഡും ലഭിച്ചു. കണ്ണൂർ പുറച്ചേരി ഗ്രാമീണ കലാവേദിലുടെ പ്രധാന നാടൻപാട്ട് കലാകാരനായി പ്രവർത്തിച്ചുവരുന്നു.
.jpg)

