തലശ്ശേരി ബോംബ് സ്‌ഫോടനത്തിൽ അന്ന് സിപിഎമ്മിനെതിരേ ആരോപണം ; സീന ഇനി ബിജെപി മണ്ഡലം സെക്രട്ടറി

Allegations against CPM in Thalassery bomb blast; Seena now BJP constituency secretary
Allegations against CPM in Thalassery bomb blast; Seena now BJP constituency secretary

തലശേരി : ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ വയോധികൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവത്തിൽ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ച യുവതി ബിജെപി ഭാരവാഹിയായി ചുമതലയേറ്റു. എരഞ്ഞോളിയിലെ  സീനയാണ് ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റത്. സീന തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

2024 ജൂൺ 18-നാണ് എരഞ്ഞോളി കുടക്കളത്ത് ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ സ്ഫോടനമുണ്ടായത്. പറമ്പിൽ തേങ്ങയെടുക്കാനെത്തിയ കുടക്കളം ആയിനാട്ട് മീത്തൽ പറമ്പിൽ ആയിനിയാട്ട് വേലായുധനാണ് (85) ബോംബ് പൊട്ടി മരിച്ചത്. ബോംബ് സ്ഫോടനം വാർത്തയായതിന് പിന്നാലെ വേലായുധൻ്റെ അയൽവാസിയായ സീന അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പ്രദേശം ബോംബ് നിർമാണ ഹബ്ബാണെന്നും സിപിഎം പ്രവർത്തകർ പറമ്പിൽനിന്ന് ബോംബുകൾ എടുത്തുമാറ്റിയെന്നുമാണ് സീന അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പിന്നീട് വലിയ ചർച്ചയാവുകയുംചെയ്തു.

മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പ്രാദേശിക നേതാക്കൾ തൻ്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സീന അന്ന് ആരോപിച്ചിരുന്നു. മകളെ പറഞ്ഞ് മനസ്സിലാക്കണമെന്നാണ് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി തന്റെ അമ്മയോട് പറഞ്ഞതെന്നും സീന പറഞ്ഞിരുന്നു. എന്നാൽ, സീനയുടെ വെളിപ്പെടുത്തലുകളും ഇവർ ഉന്നയിച്ച ആരോപണങ്ങളും സിപിഎം നിഷേധിച്ചിരുന്നു.

Tags