വിമാനത്താവള നഗരം പുത്തൻ മെയ്ക്ക് ഓവറിൽ :മട്ടന്നൂരിൽ സൗന്ദര്യവൽക്കരണ പദ്ധതികൾ അന്തിമ ഘട്ടത്തിൽ


മട്ടന്നൂർ: മട്ടന്നൂരിൽ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ നിർമ്മാണപ്രവൃത്തികൾ പുരോഗമിക്കുന്നു. വിമാനത്താവള നഗരമെന്ന നിലയിൽ മട്ടന്നൂരിനെ ആധുനികവൽക്കരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. നഗരത്തിന്റെ മുഖം മാറ്റുന്ന തരത്തിൽ ക്ലോക്ക് ടവറും ഓപ്പൺ ഓഡിറ്റോറിയവും ഹരിത ഇടനാഴി ഉൾപ്പടെയുള്ള പദ്ധതികളുടെ നിർമ്മാണവുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ക്ലോക്ക് ടവറിനൊപ്പം ദിശാസൂചക ബോർഡുകൾ, വഴിവിളക്കുകൾ എന്നിവയും സ്ഥാപിക്കും.
മട്ടന്നൂർ പോലീസ് സ്റ്റേഷന് സമീപമുള്ള ബൈപ്പാസ് റോഡാണ് ഹരിതഇടനാഴിയായി വികസിപ്പിക്കുന്നത്. 25 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഇതുവഴി ബൈപ്പാസ് റോഡ് നിർമ്മിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ വർഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. ഇരുവശങ്ങളിലും പൂന്തോട്ടവും അലങ്കാരങ്ങളുമുള്ള പാതയാക്കി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഇടനാഴിയുടെ ഒരു ഭാഗം കോൺക്രീറ്റ് പ്രവർത്തികൾ നടന്നുവരികയാണ് ബസ്സ്റ്റാൻഡിൽ ടാക്സി വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തായാണ് സ്റ്റേജ് ഉൾപ്പടെയുള്ള ഓപ്പൺ ഓഡിറ്റോറിയം. 7.20 ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുപരിപാടികൾ നടത്താനായി ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നത്. സ്റ്റേജ് നിർമ്മാണത്തിന്റെ 50 ശതമാനത്തോളം പ്രവർത്തികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.
