കണ്ണൂർ വിമാനത്താവളത്തിൽ 'വിമാന റാഞ്ചികളെ കീഴ്‌പ്പെടുത്തി സുരക്ഷാ സേനകൾ'

Security forces overpower 'aircraft hijackers' at Kannur Airport

 കണ്ണൂർ : കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് 54 യാത്രക്കാരുമായി പുറപ്പെട്ട വി ടി എ 320 വിമാനത്തിന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ്. ചൊവ്വാഴ്ച രാവിലെ 10.49ന് അപ്രതീക്ഷിതമായി റൺവേയിലേക്ക് പറന്നിറങ്ങിയ വിമാനം വിമാനത്താവള അധികൃതർക്ക് സമ്മാനിച്ചത് ആശങ്കയുടെ നിമിഷങ്ങൾ. സുരക്ഷാ പരിശോധനകളുടെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ മോക്ഡ്രില്ലിലായിരുന്നു ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ സംഭവങ്ങൾ അരങ്ങേറിയത്.

വിമാനം റൺവേ ലക്ഷ്യമാക്കി വരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ജാഗ്രതയിലായ എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലേക്ക് ഉടൻ തന്നെ വിമാന റാഞ്ചികളുടെ സന്ദേശവുമെത്തി. ഇന്ത്യൻ പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കണമെന്നും വൻ തുക മോചനദ്രവ്യം വേണമെന്നുമായിരുന്നു വിമാന റാഞ്ചികളുടെ ആവശ്യം. പിന്നീട് വിമാനത്താവളത്തിൽ നടന്നതെല്ലാം ഉദ്വേഗം നിറഞ്ഞ സംഭവ വികാസങ്ങളായിരുന്നു.

ഉടൻ തന്നെ കർമനിരതരായ എൻ എസ് ജി, സി ഐ എസ് എഫ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സജ്ജരായി. യാത്രക്കാരും ജീവനക്കാരുമെല്ലാം അമ്പരന്നു നിന്ന നിമിഷങ്ങളിൽ പഴുതടച്ച സുരക്ഷയുടെയും പ്രതിരോധത്തിന്റെയും കാഴ്ചകൾക്കായിരുന്നു വിമാനത്താവളെ സാക്ഷ്യം വഹിച്ചത്.

നിമിഷങ്ങൾക്കകം കൺടോൾ റൂം പ്രവർത്തനം തുടങ്ങി. തന്ത്രപരമായ ഇടപെടലുകളിലൂടെയും കൃത്യമായ ഏകോപനത്തിലൂടെയും റാഞ്ചികൾക്ക് കീഴടങ്ങാൻ അനുമതി നൽകുകയും ബന്ദികളായ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തതോടെയാണ് മോക് ഡ്രിൽ അവസാനിച്ചത്.

വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ വേഗത, വിവിധ ഏജൻസികളുടെ മിന്നൽ വേഗത്തിലുള്ള ഏകോപനം എന്നിവയാണ് മോക് ഡ്രില്ലിൽ കരുത്തായി മാറിയത്. പ്രത്യേക മീഡിയ സെൽ വഴിയുള്ള വിവരവിനിമയ സംവിധാനവും ഇതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.

എഡിഎം പി.എൻ പുരുഷോത്തമൻ, സിഐഎസ്എഫ് സീനിയർ കമാൻഡന്റ് നിധിൻ കുമാർ ത്യാഗി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ അശ്വിനി കുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ പി സതീഷ് ബാബു, ചൈന്നെ ഹെഡ്ക്വാർട്ടേഴ്‌സ് എഐജി ശിവകുമാർ പാണ്ഡെ, എൻഎസ്ജിയിൽ നിന്നും മേജർ അതിരാജ് ഖാർബ്, പോലിസ്, അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മോക്ഡ്രില്ലിന് നേതൃത്വം നൽകി.

Tags