ഇടുങ്ങിയ വഴികളിലും ഇനി അഗ്നിരക്ഷാസേന കുതിക്കും: എഫ്.ആര്‍.വി വാഹനം ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഫ്‌ളാഗ് ഓഫ് ചെയ്തു

തളിപ്പറമ്പ്: ഇടുങ്ങിയ വഴികളിലൂടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ഫസ്റ്റ് റെസ്‌പോണ്ട് വെഹിക്കിള്‍ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഫ്‌ളാഗ് ഓഫ് ചെയ്തു. സേനയുടെ വലിയ വാഹനങ്ങൾക്ക് എത്താൻ പറ്റാത്ത വീതി കുറഞ്ഞ ചെറിയ റോഡുകളിൽ പോകാൻ പറ്റുന്ന വിധത്തിൽ നീളം കുറഞ്ഞ വാഹനമാണ്.
വലിയ അഗ്‌നിശമനസേനാ വാഹനങ്ങളില്‍ 4000 മുതല്‍ 5000 വരെ ലിറ്റര്‍ വെള്ളം ഉണ്ടാകുമെങ്കില്‍ ഫസ്റ്റ് റെസ്പോണ്ട് വെഹിക്കിളില്‍ ഇത് 1500 ലിറ്ററാണ്. കൂടാതെ ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങള്‍ക്ക് തീപിടിച്ചാല്‍ ഉപയോഗിക്കുന്ന ഫോം രൂപത്തിലുള്ള വസ്തുക്കള്‍ 300 ലിറ്റര്‍ സംഭരിക്കാനുള്ള ടാങ്കുകളും ഈ വാഹനത്തിലുണ്ട്.
ഹഡ്രോളിക് ഉപകരണങ്ങളുള്‍പ്പെടെ മറ്റ് രക്ഷാ ഉപകരണങ്ങളും ഈ വാഹനത്തിലുണ്ട്. 608 മിനി ലോറിയുടെ മോഡലിലുള്ള ഈ വാഹനം വളരെ പെട്ടെന്നുതന്നെ അപകടസ്ഥാനങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ തളിപ്പറമ്പ് അഗ്‌നിശമനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, അസി സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവര്‍ ഉള്‍പ്പെടെ സേനാംഗങ്ങള്‍ സംബന്ധിച്ചു.