അക്രമം വ്യാപിപ്പിക്കാനുള്ള എസ് എഫ് ഐ നീക്കം ഗുരുതര പ്രത്യാഘാതമുണ്ടാക്കും:അഡ്വ.മാർട്ടിൻ ജോർജ്ജ്


കണ്ണൂർ: തലശ്ശേരി പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെ കെ.എസ്.യു നേതാവും കെ.എസ്.യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ബിതുൽ ബാലനെതിരെ നടന്ന ഭീകരമായ അക്രമണത്തിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു. ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചതിനു പിന്നിൽ എസ്.എഫ്.ഐയുടെ ക്രിമിനൽ സംഘമാണ്. തൃശൂരിൽ ഡി സോൺ കലോത്സവം അലങ്കോലപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്തുടനീളം അക്രമം വ്യാപിപ്പിക്കാൻ എസ്.എഫ്.ഐ ശ്രമിക്കുകയാണ്.
അക്രമത്തിനുള്ള ആഹ്വാനം സി പി എം സൈബറിടങ്ങളിൽ വ്യാപകമായി നടത്തുന്നുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സ്വാധീനമുള്ള കെ.എസ്.യു നേതാക്കളെ തെരഞ്ഞു പിടിച്ച് അക്രമിക്കുകയാണ്. പാലയാട് കാമ്പസിൽ ബിതുലിൻ്റെ നേതൃത്വത്തിൽ കെ.എസ്.യു പ്രവർത്തനം മുന്നോട്ടു പോകുന്നതിലെ അസഹിഷ്ണുതയിലും കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതിലുള്ള വെപ്രാളത്തിലുമാണ് ഹീനമായ ഈ ആക്രമണം എസ്.എഫ്.ഐ നടത്തിയത്. കാമ്പസുകളിൽ ജനാധിപത്യപരമായ പ്രവർത്തനങ്ങളെ അടിച്ചമർത്തിയും കെ.എസ്.യു നേതാക്കളെയും പ്രവർത്തകരെയും അക്രമിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാൽ അത് കൈയും കെട്ടി കണ്ടു നിൽക്കാനാകില്ല. കെ.എസ്.യു നേതാക്കളെയും പ്രവർത്തകരെയും അക്രമിച്ചാൽ അവർക്ക് സംരക്ഷണമൊരുക്കാനും പ്രതിരോധിക്കാനും കോൺഗ്രസ് പ്രവർത്തകർക്കു രംഗത്തിറങ്ങേണ്ടി വരും.
അക്രമികളെ പിടികൂടാതെ നിഷ്ക്രിയരായി നോക്കി നിൽക്കുന്ന പോലീസിൻ്റെ സമീപനവും തിരുത്തിയേ തീരൂ_മാർട്ടിൻ ജോർജ് പറഞ്ഞു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിതുൽ ബാലനെ ഡി സി സി പ്രസിഡൻ്റ് അഡ്വ .മാർട്ടിൻ ജോർജ്ജ് നേതാക്കളായ വി എ നാരായണൻ ,സജീവ് മാറോളി .കെ പി സാജു ,കണ്ടോത്ത് ഗോപി ,കല്ലിക്കോടൻ രാഗേഷ് ,അതുൽ എം സി ,ഫർഹാൻ മുണ്ടേരി ,ഹരികൃഷ്ണൻ പാളാട് തുടങ്ങിയവർ സന്ദർശിച്ചു.
