നവകേരളസദസിന്റെ പേരില്‍ നടക്കുന്നത് ഭീഷണിപ്പെടുത്തിയുള്ള ഗുണ്ടാപ്പിരിവ് നടത്തുന്നു അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

google news
martin

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളസദസിന്റെ പേരില്‍ ഉദ്യോഗസ്ഥരും ഭരണകക്ഷി ജനപ്രതിനിധികളും ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവു നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ നവകേരള സദസിന്റെ സുവനീറിനെന്ന പേരില്‍ വ്യാപകമായി പണപ്പിരിവു നടത്തുകയാണ്. 

ഇടതുപക്ഷ എംപിമാരും എംഎല്‍എമാരും മാത്രമല്ല എഡിഎം തൊട്ട് താഴോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം വ്യാപാരികളേയും സംരംഭകരേയും ചെറുകിട വ്യവസായികളെയുമൊക്കെ പണത്തിനായി ഭീഷണിപ്പെടുത്തുകയാണ്. ഏറ്റവും ചുരുങ്ങിയത് അരലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നും ആവശ്യപ്പെടുന്നത്. പിരിവു തന്നില്ലെങ്കില്‍ അതിലും വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥര്‍  ഭീഷണിപ്പെടുത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. നവകേരളസദസിനും അനുബന്ധപരിപാടികള്‍ക്കുമായി ചെലവഴിക്കുന്നത് കോടികളാണ്. 

വലിയ തോതിലുള്ള സാമ്പത്തിക തിരിമറി നവകേരളസദസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. നവകേരളസദസിന്റെ അനുബന്ധപരിപാടികള്‍ പലതും സൗജന്യമായാണ് കലാകാരന്മാരെ കൊണ്ട് അവതരിപ്പിക്കുന്നത്. എന്നാല്‍ പിരിച്ചെടുക്കുന്ന തുകയുടെ കണക്കോ പരിപാടിയുടെ ബഡ്ജറ്റോ ഒന്നും കൃത്യമായി പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള വ്യാപാരികളെയും വ്യവസായികളേയും നവകേരളസദസിന്റെ പേരില്‍ ഞെക്കിപ്പിഴിയുകയാണ് സംഘാടകര്‍. 

പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും പോലും പലയിടങ്ങളിലും നവകേരളസദസിനായി പണപ്പിരിവ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. രസീതി പോലും നല്‍കാതെയാണ് പലയിടത്തും ഗുണ്ടാപിരിവു പോലെ ഉദ്യോഗസ്ഥരുടെ നവകേരളപിരിവ്. നവകേരളസദസിന്റെ മറവില്‍ സിപിഎം പാര്‍ട്ടി ഫണ്ട് പിരിവും നടത്തുകയാണോയെന്ന സംശയം ബലപ്പെടുകയാണ്. ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി കോടികളുടെ പണപ്പിരിവാണ് നവകേരളസദസിന്റെ മറവില്‍ നടക്കുന്നതെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Tags