നവകേരള സംസ് ആഘോഷമല്ല സർക്കാർ ആഭാസമെന്ന് അഡ്വ.മാർട്ടിൻ ജോർജ്ജ്

കണ്ണൂർ: സാധാരണക്കാരുടെ ജീവിതം ദുരിത പൂർണ്ണമാക്കിയതിനെ മറച്ചു വെച്ച് കോടികൾ പൊടിപൊടിച്ചുള്ള നവകേരള സദസിൻ്റെ ആഘോഷങ്ങൾ ആഭാസമായാണ് അനുഭവപ്പെടുന്നതെന്ന് ഡി.സി.സി.പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ്.ക്ഷേമപെൻഷനോ അർഹതപ്പെട്ട ആനുകൂല്യങ്ങളോ കിട്ടാതെ സാധാരണക്കാര്‍ നട്ടം തിരിയുകയാണ്.
അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ ഒരു ഭരണത്തെ വെളുപ്പിച്ചെടുക്കാന്‍ നികുതിപ്പണമാണ് ചിലവഴിക്കുന്നത്. ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ സർക്കാർ ഉദ്യോഗസ്ഥരെ ഗുണ്ടാ പിരിവിനിറക്കിയിരിക്കുകയാണ് പിണറായി സർക്കാരെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുക, ലൈഫ് ഭവൻ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതി തുക കാലതാമസം ഒഴിവാക്കി സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. വസന്ത് പള്ളിയാമൂല അധ്യക്ഷത വഹിച്ചു.
അഡ്വ.വി പി അബ്ദുൽ റഷീദ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, എ എൻ ആന്തൂരാൻ എന്നിവർ സംബന്ധിച്ചു.