ഭാരതത്തെ നോർത്ത്-സൗത്ത് എന്ന് വേർതിരിച്ച് വിഘടിപ്പിക്കാൻ ശ്രമം: അദീന ഭാരതി

Attempts to divide India into North and South: Adeena Bharti

കണ്ണൂർ: നോർത്തെന്നും സൗത്തെന്നും വേർതിരിച്ച് ഭാരതത്തെ വിഘടിപ്പിക്കാൻ കോൺഗ്രസ്സും സിപിഎമ്മും ബോധപൂർവ്വം ശ്രമം നടത്തുന്നതായി യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി. ഭാരതത്തെ ഒന്നായിക്കാണുന്നതിന് പകരം ദേശത്തിന്റെയും വർഗ്ഗത്തിന്റെയും അടിസ്ഥാനത്തിൽ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വനിതാ സംവരണ ബിൽ അട്ടിമറിച്ച സിപിഎം-കോൺഗ്രസ്സ് കൂട്ടുകെട്ടിനെതിരെ മഹിളാ മോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മറ്റി കണ്ണൂരിൽ സംഘടിപ്പിച്ച മഹിളാ മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ആറ് പതിറ്റാണ്ട് ഭാരതം ഭരിച്ച കോൺഗ്രസ്സ് വനിതാ സംവരണം നടപ്പാക്കിയില്ലെന്ന് മാത്രമല്ല പിന്നീട് പലകാരണങ്ങൾ പറഞ്ഞ് തടയുകയായിരുന്നു. ഏറ്റവും അവസാനം മോദി സർക്കാർ വനിതാ സംവരണ ബിൽ കൊണ്ടു വന്നപ്പോൾ സിപിഎമ്മിനെ കൂട്ടുപിടിച്ച് അട്ടിമറിക്കുകയായിരുന്നു. 55 കോടി ജനസംഖ്യയുള്ളപ്പോഴാണ് ഭാരതത്തിൽ 543 ലോക്‌സഭാ സീറ്റുകൾ നിലവിൽ വന്നത്. ഇപ്പോൾ ജനസഖ്യ 145 കോടിയിലധികമാണ്. സ്വാഭാവികമായും ആനുപാതികമായി ലോക്‌സഭാ സീറ്റുകളും വർദ്ധിക്കണം. 50 ശതമാനം സീറ്റ് വർദ്ധനവ് വന്നാൽ കേരളത്തിലെ 20 സീറ്റ് 30 സീറ്റായി വർദ്ധിക്കുമായിരുന്നു. അന്ധമായ രാഷ്ട്രീയ വിരോധം കാരണം സ്ത്രീകൾക്ക് പാർലമെന്റിൽ ലഭിക്കാവുന്ന 33 ശതമാനം സംവരണമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്.

വനിതാ സംവരണം മോദി സർക്കാരിന്റെ കാവിവൽക്കരണത്തിന്റെ ഭാഗമാണെന്നത് കേവലം രാഷ്ട്രീയ ആരോപണം മാത്രമാണ്. വനിതകൾക്ക് അർഹമായ പിന്തുണ നൽകുകയെന്നത് മോദി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഭാരതത്തിന്റെ നിർണ്ണായക സൈനിക നീക്കമായ ഓപ്പറേഷൻ സിന്ധൂറിന് നേതൃത്വം നൽകിയത് മൂന്ന് വനിതകളാണ്. മോദി സർക്കാർ എന്ത് പദ്ധതി കൊണ്ടുവന്നാലും അതിനെയെല്ലാം രാഷ്ട്രീയ അന്ധതയുടെ പേരിൽ എതിർക്കുകയാണെന്നും അദീന ഭാരതി പറഞ്ഞു.മഹിളാ മോർച്ച ജില്ലാ ഉപാധ്യക്ഷ മഹിത ബിജേഷ് അധ്യക്ഷത വഹിച്ചു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ പ്രസംഗിച്ചു. ശ്രീസുധ സോമകുമാർ സ്വാഗതവും ജയശ്രീ കടമ്പേരി നന്ദിയും പറഞ്ഞു.  
പ്രഭാത ജംഗ്ഷൻ എന്നും ആരംഭിച്ച മഹിളാ മുന്നേറ്റ യാത്രക്ക് മഹിളാ മോർച്ച നേതാക്കളായ പി പി ജസ്‌ന, വിനീത കുളത്തൂർ, സ്മിത ആറ്റടപ്പ, എന്നിവർ നേതൃത്വം നൽകി. യുവമോർച്ച, പട്ടികജാതി മോർച്ച , ഒബിസി മോർച്ച, കർഷകമോർച്ച എന്നിവരുടെ നേതൃത്വത്തിൽ അഭിവാദ്യം ചെയ്തു.

Tags