കണ്ണൂർ തുളിച്ചേരിയിലേക്ക് മാലിന്യം ഒഴുക്കി വിട്ട തെക്കിബസാറിലെ ഇന്ത്യൻ കോഫി ഹൗസ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കണം: ബിജെപി

Action must be taken against the Indian Coffee House at Thekki Bazar for discharging waste into Kannur Thulicheri BJP

കണ്ണൂർ: തുളിച്ചേരിയിലെ നൂറുകണക്കിന് വീട്ടുകാർക്ക് വർഷങ്ങളായി  ദുരിതങ്ങൾ ഉണ്ടാക്കിയ തെക്കിബസാറിലെ ഇന്ത്യൻ കോഫി ഹൗസ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ ആവശ്യപ്പെട്ടു.

ഹോട്ടൽ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഓടയിലേക്ക് ഒഴുക്കി തുളിച്ചേരി ഭാഗത്തേക്ക്  വിടുകയായിരുന്നു. ബിജെപിയുടെയും റസിഡൻസ് അസോസിയേഷന്റെയും  നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. നിരവധി പരാതികളും നൽകി. കോർപ്പറേഷൻ അധികൃതർ പ്രസ്തുത സ്ഥലം നോക്കി പോയതല്ലാതെ തുടർനടപടികൾ സ്വീകരിച്ചില്ല. മഴക്കാലം രൂക്ഷമായതോടെ തുളിച്ചേരി ഭാഗത്ത് ജനജീവിതം ദുസ്സഹമായി.

ദിവസങ്ങളായി കൗൺസിലർമാരായ എ കെ മജേഷിന്റെയും പി മഹേഷിൻ്റെയും  നേതൃത്വത്തിൽ ഒരു സംഘം രാത്രികാലങ്ങളിൽ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ അർദ്ധരാത്രി കോഫി ഹൗസ് അധികൃതർ മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഹോട്ടൽ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഒരുപോലെ ഒഴുക്കി വിടുകയായിരുന്നു. തുടർന്ന് കൗൺസിലർമാരായ എ കെ മജേഷും  പി മഹേഷും കോർപ്പറേഷൻ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുകയായിരുന്നു.

തെക്കി ബസാറിലെ ഇന്ത്യൻ കോഫി ഹൗസിനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. ഹോട്ടലിന്റെ ലൈസൻസ് പുന:പരിശോധിക്കണമെന്നും കെ കെ വിനോദ് കുമാർ  ആവശ്യപ്പെട്ടു.

Tags