25 വർഷത്തിന് ശേഷം വേറ്റുമ്മൽ രതീഷ് വധക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ ;തട്ടുകട നടത്തി ഒളിവു ജീവിതം

Absconding accused in the Vettummal Ratheesh murder case arrested after 25 years; lived in hiding while running a street-side food stall.

കണ്ണൂർ: കാൽ നൂറ്റാണ്ടായി പോലീസിനെ വെട്ടിച്ച് ഒളിവിലിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ കണ്ണൂർ സിറ്റി പോലീസിന്റെ വലയിൽ. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി.എച്ച്. അഷ്‌റഫിനെയാണ് (58) പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.

കുറ്റകൃത്യത്തിന് ശേഷം സ്വന്തം നാടുമായും ബന്ധുക്കളുമായും യാതൊരു ബന്ധവും പുലർത്താതിരുന്ന പ്രതി, ആദ്യത്തെ 10 വർഷം പേരുവിവരങ്ങൾ മാറ്റി മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ, നിടുമുണ്ട എന്നീ സ്ഥലങ്ങളിൽ മാറി മാറി തട്ടുകട നടത്തി ജീവിച്ചു വരികയായിരുന്നു. അവിടെ പുതിയ കുടുംബത്തോടൊപ്പം പേര് മാറ്റാതെ പുതിയ വിലാസത്തിൽ താമസിക്കുകയായിരുന്നു. വേഷത്തിലും രൂപത്തിലും വന്ന മാറ്റങ്ങളും പഴയ വിവരങ്ങളൊന്നുമില്ലാതിരുന്നതും പോലീസിന് വലിയ വെല്ലുവിളിയായിരുന്നു.

കണ്ണൂർസിറ്റി പോലീസ് കമ്മിഷണർ  ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ്സിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസ് വീണ്ടും ഊർജിതമാക്കുകയായിരുന്നു. സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മുംബൈ, ചെന്നൈ, ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച് താഴെത്തട്ടിൽ നിന്നുള്ള വിവരശേഖരണവും പഴയ സൗഹൃദബന്ധങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തി.
ഇതിലൂടെയാണ് പ്രതി പയ്യന്നൂർ ഭാഗത്തുണ്ടെന്ന നിർണായക വിവരം ലഭിക്കുന്നത്. തുടർന്ന് കഴിഞ്ഞ ഒരു ആഴ്ചയായി പയ്യന്നൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ, ബുധനാഴ്ച്ച പുലർച്ചെ ആറുമണിക്ക് കുറുമാത്തൂർ നിടുമുണ്ട എന്ന സ്ഥലത്ത് വെച്ച് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ആവശ്യമായ നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags