പാതിവില തട്ടിപ്പ് പരാതികളിൽ കെ.വി സുമേഷ് എം.എൽ.എ മൗനം വെടിയണമെന്ന് അബ്ദുൾ കരീം ചേലേരി


കണ്ണൂർ: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് തുടരുന്ന മൗനം വെടിഞ്ഞ് തട്ടിപ്പിനിരയായവരുടെ ആശങ്കകൾ ദൂരീകരിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി. പകുതി വിലക്ക് സ്കൂട്ടറുകളും മറ്റും വിതരണം ചെയ്യുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യാനെത്തിയത് ഞങ്ങൾ വിശ്വസിച്ച ജനപ്രതിനിധികളായിരുന്നുവെന്നും അവർ തങ്ങളോട് വിശ്വാസവഞ്ചന കാണിക്കുകയായിരുന്നുവെന്നുമാണ് തട്ടിപ്പിനിരയായ സ്ത്രീകളുടെ കൂട്ടായ്മയായ സീഡ് വിമൻ ഓൺ ഫയർ ഭാരവാഹികൾ പറഞ്ഞിട്ടുള്ളത്.
അഴീക്കോട് പഞ്ചായത്തിൽ മാത്രം അഞ്ഞൂറോളം പേർ തട്ടിപ്പിനിരയായിട്ടും അവരിൽ ഒരാളെ പോലും കേൾക്കാനോ അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനോ എം.എൽ.എ.തയ്യാറാകാത്തത് ദുരൂഹമാണ്. മാത്രവുമല്ല, തട്ടിപ്പിനിരയായവരുടെ പരാതിയിന്മേൽ കേസെടുക്കാത്തതും പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ പോലീസും സി.പി.എം. നേതൃത്വവും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അബ്ദുൽ കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.
